ചവറ: കലാകാരനിലൂടെ സാമൂഹ്യ മാറ്റത്തിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു രാജാജിയെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. രാജാജിയുടെ ജന്മസ്ഥലമായ ചവറ തോട്ടിനു വടക്ക് വൈങ്ങേലി മുക്കിൽ സംഘടിപ്പിച്ച രാജാജി രണ്ടാമത് അനുസ്മരണ സമ്മേളനവും രാജാജി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഫൗണ്ടേഷന്റെ ഒന്നാമത് വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുടെ ഉന്നമനത്തിനായി ശ്രമിച്ച രാജാജിയെപ്പോലുള്ളവർ ഇന്നും സമൂഹത്തിലുണ്ട്. കോടിക്കണക്കിന് രൂപ പിന്നാക്ക വിഭാഗത്തിന് നൽകുന്നുണ്ടെങ്കിലും അർഹതപ്പെട്ടവരുടെ കൈകളിലെത്തുന്നുണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. ചടങ്ങിൽ രാജാജി ഫൗണ്ടേഷൻ ചെയർമാൻ കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാർ, ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ലളിത, കെ.എം.എം.എൽ എച്ച്.ഒ.ഡി എൻ.കെ. അനിൽകുമാർ, വാർഡ് മെമ്പർ ജയശ്രീ, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, തട്ടാശ്ശേരി രാജൻ, ചിത്രാലയം രാമചന്ദ്രൻ, വി.ആർ. രാജു, ആർ. ഹരിദാസൻ, ചവറ സുരേന്ദ്രൻ, ശാരദ രാജാജി, പി. ബാബുരാജൻ, മക്കു മൈനാഗപ്പള്ളി, മോഹൻ പുന്തല തുടങ്ങിയവർ പ്രസംഗിച്ചു. വിജയൻ വി. ചവറ ( ശിൽപി ), സത്യൻ കോമല്ലൂർ ( നാടൻപാട്ട് കലാകാരൻ ), മണിക്കുട്ടൻ ചവറ ( സിനിമ - സീരിയൽ അഭിനേതാവ് ) എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.