കുണ്ടറ: യുവാവിനെ ജിമ്മിലെ ഡംബൽ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പേരയം കരിക്കുഴി അഷ്ടമുടിപ്പൊയ്ക മേലേതിൽ വീട്ടിൽ ചിക്കു എന്ന് വിളിക്കുന്ന ഷക്കീർ ബാബു (28)വിനെ പൊലീസ് പിടികൂടി. പേരയം സ്വദേശിയായ പ്രജീഷിനെ (23)യാണ് പ്രതി ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. പ്രജീഷ് ട്രെയിനറായി ജോലി ചെയ്യുന്ന പേരയത്തുള്ള ജിംനേഷ്യത്തിൽ പ്രതി അതിക്രമിച്ച് കടന്ന് അസഭ്യം പറയുകയും ഡംബൽ എടുത്ത് ചെവിയുടെ ഭാഗത്ത് ഇടിക്കുകയുമായിരുന്നു. ഷക്കീറിനെതിരെ മുമ്പ് പ്രജീഷ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കുണ്ടറ എസ്.ഐ ഗോപകുമാർ, സി.പി.ഒ കബീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.