c
വയയ്ക്കലെ ക്വാറിയിൽ കരിങ്കൽപാളിക്കടിയിൽ പെട്ടവരെ പുറത്തെടുക്കാൻ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നു

കൊട്ടാരക്കര: അപ്രതീക്ഷിത അപകടത്തിൽ രണ്ട് ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് വയയ്ക്കൽ വയണാമൂലയിലെ കരിങ്കൽ ക്വാറി തൊഴിലാളികൾ. ഏറെക്കാലമായി പ്രവർത്തിക്കാതിരുന്ന ക്വാറി പത്ത് ദിവസംമുൻപാണ് അംഗീകാരത്തോടെ പ്രവർത്തനം തുടങ്ങിയത്. മുൻപ് പൊട്ടിച്ച് നിർത്തിയതും പുതുതായി പൊട്ടിച്ചതുമടക്കം ചെറു കഷണങ്ങളാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു. പൊങ്കൽ അവധി ദിനമായതിനാൽ ക്വാറിയ്ക്ക് പുറത്തേക്ക് പാറ വിടാതെ അടുത്ത ദിവസത്തേക്ക് തയ്യാറാക്കി വയ്ക്കുന്ന ജോലിയാണ് നടന്നുവന്നത്. മറ്റ് തൊഴിലാളികൾ ചായ കുടിക്കാനായി ക്വാറിയിൽ നിന്നും പുറത്തേക്ക് പോയപ്പോൾ തങ്ങൾ പിന്നീട് വന്നോളാമെന്ന് തൗഫീഖും ന്യുവൽ നെക്രയും പറഞ്ഞു. ഇവർ ജോലി തുടരുമ്പോഴായിരുന്നു വലിയ ശബ്ദത്തോടെ മുകളിൽ നിന്നും വലിയ കരിങ്കല്ലുകൾ ഇളകി വീണത്. മുകളിലായി നാലടി വീതിയുള്ള കരിങ്കല്ല് സ്ളാബിന്റെ മോഡലിൽ നിർത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പാറ പൊട്ടിയ്ക്കലിനെ തുടർന്ന് ഇതിന് ഇളക്കം തട്ടിയിരുന്നു. താഴെ ജോലികൾ തുടർന്നുവരവെ മുകളിൽ നിന്നും വലിയ കരിങ്കല്ല് ഇളകി താഴേക്ക് പതിച്ചു. ഇതോടൊപ്പം ചെറിയ കല്ലുകളും ഇളകി. എല്ലാ കല്ലുകളും വന്നുവീണത് താഴെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഹിറ്റാച്ചി, മിക്സറുകളുടെ മുകളിലേക്കാണ്. ഒന്ന് നിലവിളിക്കാൻ പോലുമാകാത്ത വിധം കരിങ്കല്ലുകൾക്കിടയിലേക്ക് തൗഫീഖും ന്യുവൽ നെക്രയും ഞെരിഞ്ഞമർന്നു. കൊട്ടാരക്കര, പത്തനാപുരം ഫയർ ഫോഴ്സും പൊലീസും നാട്ടുകാരുമൊക്കെ ചേർന്ന് ഏറെ ശ്രമകരമായിട്ടാണ് പിന്നീട് മൃതദേഹങ്ങൾ പുറത്തെടുത്തത്. ക്വാറിയിലെ മറ്റൊരു ഹിറ്റാച്ചി ഉപയോഗിച്ച് വലിയ കരിങ്കല്ലുകൾ മാറ്റിയ ശേഷമായിരുന്നു ചതഞ്ഞരഞ്ഞ മൃതദേഹങ്ങൾ പുറത്തേക്ക് എടുത്തത്. തൊട്ടുമുൻപുവരെ തങ്ങളോട് തമാശകൾ പറഞ്ഞ് നിന്നിരുന്നവർ പെട്ടെന്ന് മരണപ്പെട്ടതിന്റെ ഞെട്ടലിലായിരുന്നു തൊഴിലാളികൾ. ക്വാറി ഉടമയുടെ അടുത്ത ബന്ധുവാണ് മരിച്ച തൗഫീഖ്. അപകടത്തിൽ പൂർണ്ണമായും തകർന്ന ഹിറ്റാച്ചി പുറത്തെടുത്തിട്ടില്ല. ജിയോളജി ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയ ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളു. ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.