plastic
കെ.എം.എം.എൽ സ്ഥലം ഏറ്റെടുത്ത പ്രദേശത്ത് സാമൂഹ്യ വിരുദ്ധർ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തളളിയ നിലയിൽ

ചവറ: കെ.എം.എം.എൽ സ്ഥലം ഏറ്റെടുത്ത പ്രദേശത്ത് പ്ലാസ്റ്റിക്ക് മാലിന്യം തള്ളുന്നത് പതിവാകുന്നു. പന്മന പഞ്ചായത്തിലെ പന്മന വാർഡിൽ കെ.എം.എം.എൽ സ്ഥലം ഏറ്റെടുത്ത 37 ഏക്കറിൽ റോഡിനോട് ചേർന്നുള്ള ഭാഗത്താണ് സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നത്. ചവറയിലെ വിവിധ അറവ് ശാലകളിൽ നിന്നുള്ള മാലിന്യങ്ങളും, വിവാഹ സൽക്കാരങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് ചാക്കുകളിലും കവറുകളിലുമാക്കിയാണ് രാത്രി കാലങ്ങളിൽ ഇവിടെ തള്ളുന്നത്. മുമ്പ് മാലിന്യനിക്ഷേപം ചില ദിവസങ്ങളിൽ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ഇത് പതിവായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. അറവ് ശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളുന്നതിനാൽ ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം കൂടുകയാണ്. ഈ ഭാഗത്ത് കാട് വളർന്ന് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാതയിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലും കെ.എം.എം.എൽ സ്ഥലം ഏറ്റെടുത്ത പ്രദേശത്തിന് സമീപമുള്ള റോഡിലും നല്ല തിരക്കാണ്. ഈ റോഡിലൂടെ യാത്ര ചെയ്യുന്നവർ മാലിന്യനിക്ഷേപം മൂലം വളരെ ബുദ്ധിമുട്ടുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ രാത്രികാല പട്രോളിംഗ് ഏർപ്പെടുത്തി മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.