josemon
ജോസ് മാേൻ

കൊല്ലം: ജാമ്യത്തിൽ വച്ച വസ്തു വിൽപ്പനയ്ക്കായി കരാർ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ ദമ്പതികളെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന വെളിച്ചിക്കാല റോഡുവിള പുത്തൻവീട്ടിൽ ജോസ് മോൻ (45), ഭാര്യ സജിനി (44) എന്നിവരാണ് അറസ്റ്റിലായത്. മയ്യനാട് ധന്യനഗർ ബത്‌ലഹേമിൽ വാടകയ്ക്ക് താമസിക്കുന്ന അടൂർ പയ്യന്നൂർ ഇളമ്പള്ളി ലിബ ഭവനിൽ ബാബുവിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്. നെടുമ്പന സർവീസ് സഹകരണ ബാങ്കിലും കൊല്ലം കടപ്പാക്കടയിലെ എസ്.ബി.ഐ ബ്രാഞ്ചിലും ജാമ്യത്തിലിരിക്കുന്ന വീടും വസ്തുവും ബാബുവിന് വിലയ്ക്ക് നൽകാമെന്ന് സമ്മതിച്ച് കരാർ എഴുതിയാണ് അഞ്ചുലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ മാർച്ച് ഏഴിന് ഒൻപതര ലക്ഷംരൂപ വില സമ്മതിച്ച് അഞ്ചുലക്ഷം രൂപ അഡ്വാൻസ് വാങ്ങി. കാലാവധി കഴിഞ്ഞിട്ടും ആധാരം രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതെ വന്നപ്പോൾ ബാബു പ്രതികളെ ബന്ധപ്പെട്ടങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ബാബു കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി.ഒളിവിലായിരുന്ന പ്രതികൾ വെളിച്ചിക്കാലയിലെത്തിയതായി വിവരം ലഭിച്ചതോടെ കണ്ണനല്ലൂർ സി.ഐ. വിപിൻകുമാർ, എസ്.ഐ. ജയശങ്കർ, എ.എസ്.ഐ സതീഷ് കുമാർ, ബിന്ദു എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു

കൊല്ലം അയത്തിൽ ശാന്തി നഗർ പയറ്റുവിള വീട്ടിൽ സുമീറിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മാസങ്ങൾക്കുമുമ്പ് ജോസ് മോനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെളിച്ചിക്കാല വൈ.എം ലാൻഡിൽ യോഹന്നാനിൽ നിന്ന് വിൽപ്പനക്കരാറെഴുതി മൂന്ന് ലക്ഷംരൂപ തട്ടിയെടുത്ത മറ്റൊരു കേസും പ്രതികളുടെ പേരിലുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രണ്ട് പ്രതികൾ കൂടി പിടയിലാകാനുണ്ട്.