c
വേനൽ വറുതിയിലേക്ക്...

 കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി കല്ലട കനാൽ ഒഴുകുന്നത് 911.18 കിലോമീറ്റർ
 പരപ്പാർ അണക്കെട്ടിൽ ഇത്തവണ ജലഭൗർലഭ്യമില്ല


കൊല്ലം: വരൾച്ചക്കെടുതികൾ നേരിടാൻ കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര കനാൽ തെന്മല ഒറ്റക്കൽ തടയണയിൽ ഇന്നലെ തുറന്നു. വലതുകര കനാലിന്റെ ശുചീകരണം അടിയന്തരമായി പൂർത്തീകരിച്ച് 20ന് തുറക്കാനാണ് ശ്രമം. പത്തനംതിട്ട, കൊല്ലം ജില്ലകളുടെ പല ഭാഗങ്ങളിലും കല്ലട കനാലുകളുടെ ശുചീകരണം പൂർത്തിയായിട്ടില്ല. ഹെക്‌ടർ കണക്കിന് പാടശേഖരങ്ങളിലെ നെൽകൃഷി ഉൾപ്പെടെ കരിഞ്ഞുണങ്ങിത്തുടങ്ങിയതോടെയാണ് കല്ലട കനാലുകൾ പതിവിലും നേരത്തെ തുറക്കാൻ തീരുമാനിച്ചത്. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇടതുകര കനാലിന്റെ ഉപശാഖകളിലടക്കം ജലമെത്തും.

കനാലുകളുടെ സമീപത്തുള്ള പ്രാദേശിക കുടിവെള്ള പദ്ധതികളുടെ റിസർവോയറുകൾ ജനുവരി ആദ്യ വാരത്തിൽ തന്നെ വറ്റി തുടങ്ങിയിരുന്നു. കല്ലട കനാലുകളിലൂടെ ജലമെത്തുമ്പോൾ റിസർവോയറുകൾ ജലസമൃദ്ധമായി കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം സാധാരണ നിലയിലെത്തും.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എട്ട് താലൂക്കുകളിലായി 911.18 കിലോമീറ്റർ ദൈർഘ്യത്തിലാണ് കല്ലട കനാലുകൾ ജലവിതരണം നടത്തുന്നത്. വേനൽക്കാലത്ത് കൃഷിക്ക് ജലമെത്തിക്കാനാണ് കല്ലട ജലസേചന പദ്ധതിയും കനാലുകളും സ്ഥാപിച്ചത്.

...............................
പരപ്പാർ അണക്കെട്ടിന്റെ സംഭരണ ശേഷി : 504.92 മില്യൻ മീറ്റർ ക്യൂബ്
ഇന്നലത്തെ ജലനിരപ്പ് : 450 മില്യൻ മീറ്റർ ക്യൂബ്
2019 ജനുവരി 16ലെ ജലനിരപ്പ് : 425.88 മില്യൻ മീറ്റർ ക്യൂബ്
ഒരു വർഷത്തിനിടെ 25 മില്യൻ മീറ്റർ ക്യൂബ് ജലത്തിന്റെ വർദ്ധന
...................................
കല്ലട കനാലുകൾ ഒഴുകുന്നത്

കൊല്ലം ജില്ലയിലെ പത്തനാപുരം,കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിലും പത്തനംതിട്ടയിലെ അടൂരിലും ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലുമാണ് കല്ലട പദ്ധതി കനാലുകൾ ജലവിതരണം നടത്തുന്നത്. എട്ട് താലൂക്കുകളിലുമായി 48 പഞ്ചായത്തുകളും അഞ്ച് മുനിസിപ്പാലിറ്റികളും കല്ലട കനാലുകളുടെ ഗുണഭോക്താക്കളാണ്.

 മഴ ജലനിരപ്പ് ഉയർത്തി


തെന്മല മുതൽ കിഴക്കോട്ടുള്ള വനമേഖലയിലെ 594 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്നതാണ് പരപ്പാർ അണക്കെട്ടിന്റെ കാച്ച്മെന്റ് ഏരിയ. ഇവിടെ മഴ ലഭിച്ചാൽ മാത്രമേ അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വർദ്ധനവുണ്ടാകൂ. ഇത്തവണ പ്രതീക്ഷിച്ചതിൽ കൂടുതൽ മഴ ലഭിച്ചതിനാൽ ജലനിരപ്പ് കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്നു.
...........................................................................
വലതുകര കനാൽ (കിലോമീറ്ററിൽ)

പ്രധാന കനാൽ: 69.75
ശാഖകൾ: 47.57
കൈവഴികൾ: 279.63
മൈനർ കൈവഴികൾ: 124.4
.................. .......................
ആകെ 521.35

ഇടത്കര കനാൽ (കിലോമീറ്ററിൽ )

പ്രധാന കനാൽ: 56
ശാഖകൾ: 61.72
കൈവഴികൾ: 208.85

മൈനർ കൈവഴികൾ : 63.26

................................

ആകെ : 389.83

............................................................................................
ശാസ്‌താംകോട്ട കുടിവെള്ള പദ്ധതി

കല്ലട കനാലിന്റെ ശാഖകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ഏക കുടിവെള്ള പദ്ധതി ശാസ്‌താംകോട്ടയിലാണ്. നാല് വർഷം മുൻപ് തടാകത്തിലെ ജലനിരപ്പ് വൻതോതിൽ താഴ്ന്നപ്പോഴാണ് കല്ലട പദ്ധതി കനാലിലെ ശാസ്താംകോട്ട പള്ളിശേരിക്കൽ ഭാഗത്ത് വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. ഇവിടെ നിന്ന് ഇത്തവണയും ജലവിതരണം വേണ്ടിവരുമെന്ന് കഴിഞ്ഞ അവലോകന യോഗത്തിൽ വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചിരുന്നു.