ആദ്യ രണ്ടുഘട്ടങ്ങൾ പൂർത്തിയാകുന്നു
കൊല്ലം: സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ 'ലൈഫി'ൽ ഉൾപ്പെടുത്തി ജില്ലയിൽ14641 വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം നാളെ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ജില്ലാ കളക്ടർ ബി.അബ്‌ദുൽനാസർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ മികച്ച നിലയിൽ ലൈഫ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്ഥാപനങ്ങളെ മന്ത്രി കെ.രാജു ആദരിക്കും. ലൈഫ് പാർപ്പിട പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജില്ലയിൽ പൂർത്തിയാവുകയാണ്. പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ
3656 വീടുകളിൽ 3601 എണ്ണം ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചു.
രണ്ടാം ഘട്ടത്തിൽ പഞ്ചായത്തുകളിലെ ഭൂമിയുള്ള ഭവന രഹിതർക്ക് വീട് വയ്ക്കാൻ 4 ലക്ഷം രൂപയും വിദൂര സങ്കേതങ്ങളിലെ പട്ടിക വർഗ്ഗക്കാർക്ക് 6 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 8870 ഗുണഭോക്താക്കളിൽ 6572 പേർ വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.
കൊല്ലം കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളായ പരവൂർ, പുനലൂർ,കൊട്ടാരക്കര,കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ 6318 ഗുണഭോക്താക്കളുടെ 3084 വീടുകൾ പൂർത്തീകരിച്ചു. ജില്ലയിലൊട്ടാകെ ലൈഫ് പദ്ധതിക്ക് 19608 ഗുണഭോക്താക്കളുണ്ട്. ഇവരിൽ 14641 പേരുടെ വീടുകൾ പൂർത്തീകരിച്ചു.
മൂന്നാംഘട്ടത്തിൽ ഭൂമിയും വീടുമില്ലാത്തവരുടെ പുനരധിവാസമാണ്. ഇതിനായി 16814 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പുനലൂർ,അഞ്ചൽ,പടിഞ്ഞാറെ കല്ലട,പവിത്രേശ്വരം,മുണ്ടയ്ക്കൽ എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തുകയും ഭരണാനുമതി ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ മയ്യനാട്, പരവൂർ എന്നിവിടങ്ങളിലെ സുനാമി ഫ്ലാറ്റുകൾ നവീകരിച്ച് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.