എഴുകോൺ: കലോത്സവ വേദികളിൽ ആരോഗ്യകരമായ മത്സരമാണ് നടക്കേണ്ടതെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു. 42-ാമത് കേരള ടെക്നിക്കൽ ഹൈസ്കൂൾ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളുടെ മൽസരത്തിൽ അദ്ധ്യാപകരോ രക്ഷാകർത്താക്കളോ ഇടപെടാൻ പാടില്ല. കലകൾക്ക് പ്രാധാന്യം നൽകി ലളിതവും ആർഭാടരഹിതവുമായി വേണം ഇവ നടത്താനെന്നും മന്ത്രി പറഞ്ഞു.
പി.ഐഷ പോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കവി കുരീപ്പുഴ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എസ്.പുഷ്പനന്ദൻ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ, എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ആർ. സതീശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കിളിത്തട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ എസ്.സുജ, ഉഷാ രമണൻ, എഴുകോൺ പോളിടെക്നിക് പ്രിൻസിപ്പൽ വി.വി.റേ, പി. ടി.എ വൈസ് പ്രസിഡന്റ് എസ്. മണിക്കുട്ടൻ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് വി. മനു എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആർ. ജയകുമാർ സ്വാഗതവും കൺവീനർ ജെ.ബൈജു നന്ദിയും പറഞ്ഞു.
ഫണ്ട് അപര്യാപ്തമെന്ന് പരാതി
എഴുകോൺ: സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോൽവസവത്തിൽ 38 ടെക്നിക്കൽ സ്കൂളുകൾ, 9 ഐ. എച്ച്. ആർ. ഡി സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നായി 1200 വിദ്യാർത്ഥികളാണ് 48 ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്. സ്കൂൾ തലത്തിൽ നടന്ന കലാമൽസരങ്ങൾക്ക് ശേഷം നേരിട്ടാണ് സംസ്ഥാന കലോത്സവം നടക്കുന്നത്. വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ 1800 ഓളം പേരാണ് മൂന്ന് ദിവസങ്ങളിലായി കലോത്സവ നഗരിയിൽ ഒത്തുകൂടുന്നത്. മൂന്ന് ദിവസവും മൂന്ന് നേരത്തെ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കുന്നതിനാൽ സ്റ്റീൽ പാത്രങ്ങളും കപ്പുകളും വാടകയ്ക്ക് എടുത്താണ് ഭക്ഷണം വിതരണം ചെയ്യുന്നത്. അതിനുപോലും നല്ലൊരു തുക ചിലവ് വരുന്നുണ്ട്. എന്നാൽ സംസ്ഥാന കലാമേളയായിട്ടും രണ്ട് ലക്ഷം രൂപ മാത്രമാണ് സർക്കാർ അനുവദിച്ചത്. ഇൗ തുക കൊണ്ട് ഒരു ദിവസത്തെചെലവ് പോലും നടത്താൻ കഴിയില്ലെന്ന് സംഘാടകർ പറയുന്നു.