c
ഭവന പുനരുദ്ധാരണ പദ്ധതിയിലെ തട്ടിപ്പ് മറയ്ക്കാൻ വിചിത്ര വാദങ്ങളുമായി നഗരസഭ

കൊല്ലം: ഭവനപുനരുദ്ധാരണ പദ്ധതിയിൽ നടത്തിയ വൻ ക്രമക്കേടുകൾ മറയ്ക്കാൻ വിചിത്ര വാദങ്ങളുമായി നഗരസഭ രംഗതത്. എന്നാൽ രേഖകൾ എന്തിന് തിരുത്തിയെന്ന ചോദ്യത്തിന് നഗരസഭാ അധികൃതർക്ക് മറുപടിയില്ല.

 തട്ടിപ്പ് ഇങ്ങനെ

2017-18 വർഷത്തെ ഭവന പുനരുദ്ധാരണ പദ്ധതിയിൽ മാനദണ്ഡങ്ങൾ പ്രകാരം അർഹരല്ലാത്ത ഗുണഭോക്താക്കൾക്ക് രേഖകൾ തിരുത്തി ആനുകൂല്യം നൽകി. ഇതിലൂടെ 8.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സർക്കാർ ഉത്തരവ് പ്രകാരം എട്ട് വർഷത്തിലധികം കാലപ്പഴക്കമുള്ള വീടുകൾക്കേ ആനുകൂല്യം അനുവദിക്കാനാകൂ. പക്ഷെ വീട് നിർമ്മാണം പൂർത്തിയാക്കിയ രേഖയിലെ വർഷം തിരുത്തി 34 അപേക്ഷകർക്ക് അനധികൃതമായി 25000 രൂപ വീതം അനുവദിച്ചു. ഒരു വർഷം മുൻപ് വീട് നിർമ്മാണം പൂർത്തിയാക്കിയവർക്കും പുനരുദ്ധാരണത്തിന് പണം അനുവദിച്ചു. ഗുണഭോക്താക്കൾ സമർപ്പിച്ച സാക്ഷ്യപത്രത്തിൽ വീട് നിർമ്മാണം പൂർത്തിയാക്കിയ തീയതിയിലെ തിരുത്തലുകൾ വളരെ പ്രകടമാണ്.

 നഗരസഭയുടെ വാദം

2016-17 വർഷത്തിലാണ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയത്. ആ സാമ്പത്തിക വർഷം നടപ്പായില്ല. പിന്നീട് സ്പില്ലോവറായി തൊട്ടടുത്ത വർഷമാണ് നടപ്പാക്കിയത്. ഗുണഭോക്തൃ പട്ടിക തയ്യാറാക്കുമ്പോൾ ബാധകം 2012 ലെ സർക്കാർ ഉത്തരവായിരുന്നു. അത് പ്രകാരം 6 വർഷമായിരുന്നു പുനരുദ്ധാരണത്തിന് പണം അനുവദിക്കാനുള്ള കാലപരിധി. ഇതിന് ശേഷമാണ് ഭവന പുനരുദ്ധാരണത്തിന് ആനുകൂല്യം ലഭിക്കാനുള്ള കാലപരിധി എട്ട് വർഷമാക്കിയത്. വീടിന്റെ കാലപ്പഴക്കത്തിന് പകരം നിലവിലെ സ്ഥിതി മാനദണ്ഡമാക്കി ആനുകൂല്യം നൽകണം. ഇതിനായി എൻജിനിയറിംഗ് വിഭാഗം വീട് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കണം. ഇതിന് അനുമതി തേടി സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

 വസ്തുത

ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിന് മുൻപ് സബ്സിഡി മാർഗരേഖകൾ സംബന്ധിച്ച് 4/2016 എന്ന ഉത്തരവ് 11/1/ 2016ൽ ഇറങ്ങിയിരുന്നു. ഈ ഉത്തരവനുസരിച്ച് 12 വർഷമായിരുന്ന ഭവന നിർമ്മാണത്തിന് ആനുകൂല്യം അനുവദിക്കാനുള്ള മാനദണ്ഡം. പിന്നീട് 10/1/2017ൽ ഇറങ്ങിയ ഉത്തരവിലൂടെയാണ് കാലപരിധി 8 വർഷമായി കുറച്ചത്. ഈ ഉത്തരവ് പ്രകാരമായിരുന്നു ഗുണഭോക്തൃ പട്ടിക തയ്യാറാക്കേണ്ടിയിരുന്നത്. ഗുണഭോക്തൃ പട്ടിക തയ്യാറാക്കുമ്പോൾ ആനുകൂല്യം അനുവദിക്കാനുള്ള കാലപരിധി 6 വർഷമായിരുന്നുവെന്ന നഗരസഭയുടെ വാദം അംഗീകരിച്ചാലും ക്രമക്കേടുകൾ നിലനിൽക്കും. രേഖകൾ തിരുത്തി ആനുകൂല്യം അനുവദിച്ച 34 പേരിൽ 15 പേരുടെ വീട് നിർമ്മാണം പൂർത്തിയായിട്ട് അപ്പോൾ 6 വർഷം തികഞ്ഞിരുന്നില്ല. ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്ന് അനധികൃതമായി ആനുകൂല്യം പറ്റിയവർ തിരിച്ചടയ്ക്കാൻ നഗരസഭ നടപടി തുടങ്ങിയിരുന്നു. പിന്നീട് ഗുണഭോക്താക്കളുടെ വാക്കാലുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ നടപടി അവസാനിപ്പിച്ചു. കാലപരിധി എട്ട് വർഷമാണെന്ന് ഉത്തമ ബോദ്ധ്യമുള്ളത് കൊണ്ടാണ് രേകൾ തിരുത്തി കാലപരിധി എട്ട് വർഷം തികച്ചത്.