അഞ്ചാലുംമൂട് : ഗുരുപാദം വേദിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോകക്ഷേമത്തിനും ഭൂപ്രകൃതി സംരക്ഷണത്തിനും സർവൈശ്വര്യത്തിനും വേണ്ടി പ്രാക്കുളം മണലിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നടത്തുന്ന വിശ്വമംഗളയാഗത്തിന് ഇന്നലെ വൈകിട്ട് 108 സ്ത്രീകൾ ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്ന് ഏറ്റുവാങ്ങിയ ഭദ്രദീപം കാഞ്ഞാവെളി വേളിക്കാട് ക്ഷേത്രത്തിൽ എത്തിച്ച ശേഷം ഇതിൽ നിന്ന് പകർന്ന ദീപം യജ്ഞശാലയിൽ തെളിയിച്ചാണ് വിശ്വമംഗളയാഗത്തിന് തുടക്കം കുറിച്ചത്. 23 ന് സമാപിക്കുന്ന യാഗത്തിന്റെ ഭാഗമായി ഇന്ന് ഗുരുദേവമാഹാത്മ്യ ദിനമായി ആചരിക്കും. ഇന്ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഭക്തർ നേരിട്ട് 108 ഹവനകുണ്ഡങ്ങളിലായി നടത്തുന്ന മഹാശാന്തിഹവനം. 9.30 ന് ശ്രീനാരായണ സംഗമവും ആത്മീയ സേവാനിലയ അംഗത്വ വിതരണവും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. ഡോ. ജയദേവൻ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം പ്രാക്കുളം ശാഖാ സെക്രട്ടറി സുഗതൻ സ്വാഗതവും പ്രസിഡന്റ് സി.പി. സതീശൻ നന്ദിയും പറയും. വൈകിട്ട് 5.30 ന് നടക്കുന്ന വ്യവസായ സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. മോഹനൻ ബി. കണ്ണങ്കര അദ്ധ്യക്ഷനാകും. മുൻ മന്ത്രി ഷിബുബേബി ജോൺ, ബി.ജെ.പി ജന. സെക്രട്ടറി ശോഭ സുരേന്ദ്രൻ, കെ.ടി.ഡി.സി മുൻ ചെയർമാൻ വിജയൻ തോമസ്, സുവർണകുമാർ എന്നിവർ പങ്കെടുക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.