c
വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികന് 4 വർഷം തടവ്

കൊല്ലം: വിധവയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികന് നാല് വർഷം തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം മയ്യനാട് പിണയ്ക്കൽചേരിയിൽ കുഴിയിൽ കോളനിയിൽ പടിഞ്ഞാറേ പടനിലം വീട്ടിൽ സോമരാജനെയാണ് (69) കൊല്ലം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ഹരികുമാർ ശിക്ഷിച്ചത്. 2014 സെപ്തംബർ 21 നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. വീട്ടമ്മയുടെ മകൾ ജോലിക്ക് പോയ സമയത്താണ് വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ അക്രമം നടത്തിയത്. സ്ത്രീ ബഹളം വച്ചതിനെ തുടർന്നാണ് വയോധികൻ പിൻമാറിയത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ലൈംഗികാതിക്രമത്തിനു വിധേയയായ സ്ത്രീയുടെ മൊഴി വിശ്വസനീയമായി പരിഗണിച്ചാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.