photo
പെരുങ്ങള്ളൂർ പാലത്തിന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു. മന്ത്രി കെ. രാജു, മുല്ലക്കര രത്നാകരൻ എം.എൽ.എ, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ര‌ഞ്ജു സുരേഷ്, ജോർജ്ജ് മാത്യു, കെ.സി. ബിനു തുടങ്ങിയവർ സമീപം

അഞ്ചൽ: പുനലൂർ-ചടയമംഗലം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പെരുങ്ങള്ളൂർ പാലം ഗതാഗതത്തിനായി തുറന്നു. പെരുങ്ങള്ളൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. ഈ സർക്കാർ 545 ഓളം പാലങ്ങളുടെ നിർമ്മാണം ആരംഭിച്ചതായും നൂറെണ്ണത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു. കരാറുകാരും ഉദ്യോഗസ്ഥരും നടത്തിയ കൂട്ടായ പ്രവർത്തനംമൂലമാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. എന്നാൽ, കരാറുകാരുടെ ചില സംഘടനകൾ സർക്കാരിനെ ഭീഷണിപ്പെടുത്തി കാര്യം നേടാമെന്നാണ് കരുതുന്നത്. ഇത് വിലപ്പോകില്ല. പാലാരിവട്ടം പാലം നിർമ്മാണത്തിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് ഇവരുടെ വാദം. ഉദ്യോഗസ്ഥർക്കുവേണ്ടി ഇവർ വാദിക്കുന്നതിൽ നിന്നും കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം എന്തെന്ന് നാട്ടുകാർക്ക് മനസിലാകും.പാലാരിവട്ടം പാലം പ്രശ്നത്തിൽ അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നും മന്ത്രി പറ‌ഞ്ഞു.

മുമ്പ് പുനലൂരിൽ ശബരിമല റോഡ് നിർമ്മാണം തടഞ്ഞ കരാറുകാർക്ക് ഉണ്ടായ ഗതി മറ്റാർക്കും ഉണ്ടാകാതെ നോക്കണമെന്നും മന്ത്രി പറ‌ഞ്ഞു.

ചടങ്ങിൽ സ്ഥലം എം.എൽ.എകൂടിയായ മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി., ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ് , കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രഞ്ജു സുരേഷ്, എസ്. അരുണാദേവി, ജോർജ്ജ് മാത്യു, അഡ്വ. വി. രവീന്ദ്രനാഥ്, ജി. ദിനേശ് കുമാർ, അഡ്വ. കെ.സി. ബിനു, ജി.എസ്. അജയകുമാർ, ജ്യോതി വിശ്വനാഥ്, എ. ജമീലാബീവി, വി.ടി.സിബി, ലീലാമ്മാ ജോൺ, ഡി. വിശ്വസേനൻ, എൻ.കെ. ബാലചന്ദ്രൻ, കടയിൽ ബാബു, കുണ്ടൂർ ജെ. പ്രഭാകരൻ പിള്ള, രാജുക്കുട്ടി, പ്രസാദ് കോടിയാട്ട് തുടങ്ങിയവർ സംസാരിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ. സ്വാഗതവും, പൊതുമരാമത്ത് റോഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഡി. സാജൻ നന്ദിയും പറ‌ഞ്ഞു.