പാരിപ്പള്ളി: കേരള പാലിയേറ്റീവ് കെയർ ദിനത്തിൽ പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് ജില്ലാ ആശുപത്രി സന്ദർശിച്ചു കിടപ്പുരോഗികൾക്ക് സാന്ത്വനമേകി. കാൻസർ വാർഡിലെ കിടപ്പുരോഗികൾക്ക് ഒപ്പമാണ് കേഡറ്റുകൾ സമയം ചെലവഴിച്ചത്. സ്കൂളിലെ പാലിയേറ്റീവ് യൂണിറ്റായ കാഴ്ചയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജില്ലാ ആശുപത്രിയിൽ സന്ദർശനം നടത്തിയത്. ഡോ. സുമിത്ര കേഡറ്റുകൾക്ക് കാൻസർ ബോധവൽക്കരണ ക്ലാസെടുത്തു. പാലിയേറ്റീവ് നഴ്സ് ലിജിൻ, കാൻസർ വാർഡ് കീമോ ഇൻചാർജ് സലീല എന്നിവർ കാൻസർ വാർഡിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാ വോളണ്ടിയർ സംഗമമായ അരികെ എന്ന പരിപാടിയിലും കേഡറ്റുകൾ പങ്കെടുത്തു. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പാലിയേറ്റീവുമായി ബന്ധപ്പെട്ട മൈം അവതരിപ്പിച്ചു. എസ്.പി.സി ജില്ലാ സിറ്റി എ.ഡി.എൻ.ഒ സോമരാജൻ, പാലിയേറ്റീവ് നഴ്സ് ഷീന, സി.പി.ഒമാരായ സുഭാഷ് ബാബു, ബിന്ദു എന്നിവർ നേതൃത്വം നല്കി.