കൊല്ലം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിച്ചതിനു പിന്നാലെ അവ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി തുടങ്ങി. ഇന്നലെ നഗരത്തിൽ നാലിടത്ത് നടത്തിയ പരിശോധനയിൽ മൂന്നു കിലോ നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്തു.മൂന്നു ഹോട്ടലുകളിലും പുന്തലത്താഴം മാർക്കറ്റിലുമാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. ഭക്ഷണ സാധനങ്ങൾ പാഴ്സലായി നൽകാൻ പ്ലാസ്റ്റിക് കവർ ഉപയോഗിച്ചതായി കണ്ടെത്തിയ ഹോട്ടലിന് 10000 രൂപ പിഴ ചുമത്തി. പുന്തലത്താഴം മാർക്കറ്റിലെ വഴിയോര കച്ചവടക്കാരിൽ നിന്ന് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയെങ്കിലും ഇവരെ താക്കീത് ചെയ്ത് വിട്ടു. നിരോധനം നടപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണെങ്കിലും മലിനീകരണ നിയന്ത്റണ ബോർഡ്, റവന്യു വകുപ്പ് എന്നിവയ്ക്കും പരിശോധന നടത്താൻ സർക്കാർ അനുമതിയുണ്ട്. ഇന്നുമുതൽ മൂന്നു പ്രത്യേക സംഘമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന മടത്തുന്നത്. ആദ്യദിനത്തിൽ വിട്ടുപോയ മേഖലകളിൽ ഉൾപ്പെടെ ഇന്ന് പരിശോധന നടത്തും