പുനലൂർ: പുനലൂർ- പത്തനാപുരം പാതയിലെ നെല്ലിപ്പള്ളിയിൽ സ്വകാര്യ ബസിൽ ഇടിച്ച് കരാറുകാരനായ ബൈക്ക് യാത്രികൻ മരിച്ചു. കടയ്ക്കൽ, മാങ്കോട്, ആയിരക്കുഴി അരുൺ നിലയത്തിൽ ബാലകൃഷ്ണൻ നായരുടെ മകൻ അരുൺ കുമാറാണ് (40) മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ന് പുനലൂർ നെല്ലിപ്പള്ളി ഗവ. പോളിടെക്നിക് കോളേജിന് മുന്നിലായിരുന്നു അപകടം. പ്ലമ്പിംഗ്, ഇലട്രിക് ജോലികളുടെ കരാറുകാരനായ അരുൺ പുനലൂരിൽ നിന്നും സാധനങ്ങൾ വാങ്ങി പത്തനാപുരം ഭാഗത്തെ പണിസ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു. പത്തനാപുരം ഭാഗത്ത് നിന്നെത്തിയ സ്കുട്ടറിൽ തട്ടിയ ബൈക്ക് നിയന്ത്രണം വിട്ട് സ്കൂട്ടറിന് പുറകെ എത്തിയ ബസിൽ ഇടിച്ചു കയറിയെന്ന് സമീപവാസികൾ പറഞ്ഞു. തലയുടെ പുറകുഭാഗം ഇടിച്ചു റോഡിൽ വീണ അരുൺ തൽക്ഷണം മരിച്ചു. നാട്ടുകാരും പൊലീസും ചേർന്ന് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മോർച്ചറിയിൽ. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും പെടലി ഇടിച്ചു റോഡിൽ വീണതാകാം മരണത്തിന് കാരണമെന്ന് കരുതുന്നു.