അഞ്ചൽ: ഭഗവദ്ഗീത അൻപത്തിഒന്ന് നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും പ്രായോഗികവും സമഗ്ര മാനവ ദർശനവുമാണന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ഡോ.എൻ. ഗോപാലകൃഷ്ണൻ പറഞ്ഞു.
അഞ്ചൽ സുകൃതം ബാലാശ്രമത്തിൽ നടന്ന ഭഗവദ്ഗീതാ ജ്ഞാന യജ്ഞത്തിന്റെ സമാപന സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനസിനെ അടിമപ്പെടുത്തുന്ന വികാരങ്ങൾ ഒഴിവാക്കണം. യജ്ഞം, ദാനം, തപസ് എന്നിവ ജീവിതത്തിൽ ഒഴിവാക്കരുത്. ഇവ മൂന്നും ധർമ്മത്തിന്റെ ഭാഗമാണ്.
ഏത് കർമ്മം ചെയ്താലും അതിന്റെ അറിവും അതുപയോഗിക്കാനുള്ള ബുദ്ധിയും വേണം. ജീവിതത്തെ അടിമുടിമാറ്റാനുതകുന്ന ജീവിത സന്ദേശങ്ങളാണ് ഭഗവദ് ഗീതയെന്നും ഡോ.ഗോപാലകൃഷ്ണൻ പറഞ്ഞു. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ഗോപൻ, പി. കൊച്ചുകുട്ടൻപിള്ള, എസ്. സജീഷ് തുടങ്ങിയവർ സംസാരിച്ചു. സുകൃതം ബാലാശ്രമവും അഞ്ചൽ സത്സംഗ സമിതിയും സംയുക്തമായാണ് യജ്ഞം സംഘടിപ്പിച്ചത്.