കൊല്ലം: ഏഴാമത് സാമ്പത്തിക സെൻസസിന് ജില്ലയിൽ തുടക്കമായി. സെൻസസ് ജില്ലാതല കോ ഓർഡിനേഷൻ സമിതിയുടെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് സെൻസസ് സർവേയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു.
ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ വഴിയാണ് ഇത്തവണ വിവര ശേഖരണം. കേന്ദ്ര സ്ഥിതി വിവരക്കണക്ക് പദ്ധതി നിർവഹണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സി. എസ് .സി ഇഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡുമായി ചേർന്നാണ് സെൻസസ് പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇതിന് ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എല്ലാവരും സർവ്വേക്ക് എത്തുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കളക്ടർ അറിയിച്ചു.
2013ൽ നടന്ന ആറാമത് സാമ്പത്തിക സെൻസസിന്റെ അതേ മാതൃകയിലായിരിക്കും ഇത്തവണയും കണക്കെടുപ്പ്. കാർഷികേതര മേഖല ഉൾപ്പെടെ, സ്വന്തം ഉപയോഗത്തിനായുള്ളവ ഒഴികെയുള്ള എല്ലാത്തരം ചരക്ക് സേവന ഉൽപാദന വിതരണ സംരംഭങ്ങളെയും കണക്കിൽ ഉൾപ്പെടുത്തും. 1977 മുതൽ ആറ് തവണയാണ് സാമ്പത്തിക സെൻസസ് നടത്തിയിട്ടുള്ളത്.
കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇസഡ്. ഷാജഹാൻ, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ശശിധരൻ, സി.എസ്. സി ജില്ലാ മാനേജർ മുഹമ്മദ് അർഷാദ്, ഫീൽഡ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.