കുണ്ടറ: ആറു മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. കുണ്ടറ വെള്ളിമൺ നാന്തിരിക്കൽ ഷിനുഭവനിൽ സിംസണിന്റെ ഭാര്യ ഷീലയുടെ (46) മൃതദേഹമാണ് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തത്. ഇന്നലെ സ്പെഷ്യൽ തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ പുറത്തെടുത്ത മൃതദേഹം പള്ളി സെമിത്തേരിയോട് ചേർന്ന് പ്രത്യേകം ഒരുക്കിയ പന്തലിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം നടത്തിയത്. ഷീലയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് നാന്തിരിക്കൽ ഷീന ഭവനിൽ സ്റ്റാൻസി കൊല്ലം റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകൻ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്. ഷീല വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നും അതിനാൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം. രാവിലെ മുതൽ ഷീലയുടെ ബന്ധുക്കളും നാട്ടുകാരും പള്ളി അധികൃതരും അടക്കം വൻ ജനാവലിയാണ് നടപടികൾക്ക് സാക്ഷ്യം വഹിക്കാൻ പള്ളി അങ്കണത്തിലെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് കല്ലറയിൽ നിന്ന് മൃതദേഹം അടക്കം ചെയ്ത പേടകം പുറത്തെടുത്തത്. വസ്ത്രങ്ങളൊഴികെ ശരീരഭാഗങ്ങളെല്ലാം ജീർണ്ണിച്ച നിലയിലായിരുന്നു. രാസപരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ അടക്കം ശേഖരിച്ചശേഷം വീണ്ടും കല്ലറയിൽ അടക്കം ചെയ്തു. സ്പെഷ്യൽ തഹസീൽദാർ നിസാം, റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകൻ, കുണ്ടറ എ.എസ്.ഐമാരായ പ്രവീൺ, മനോജ്, നിക്സൺ, വനിത സി.പി.ഒ സിന്ധു, പള്ളി വികാരി ഫാ. വിമൽകുമാർ, പെരിനാട് ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് ഷാഫി, ഷീലയുടെ ഭർത്താവ് സിംസൺ, സഹോദരി ഷീന, മറ്റ് ബന്ധുക്കൾ, നാട്ടുകാരടക്കം വൻ ജനാവലി സെമിത്തേരി പരിസരത്തെത്തിയിരുന്നു.
2019 ജൂലായ് 29 ന് രാത്രി അവശനിലയിൽ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷീലയെ ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സഹോദരിയടക്കം പറഞ്ഞെങ്കിലും പോസ്റ്റ്മോർട്ടം നടത്താതെ 31ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു. ഷീലയുടെ ഭർത്താവ് , മകൻ, ബന്ധുക്കളായ രണ്ടുപേർ, പ്രദേശത്തെ സി.പി.എം പഞ്ചായത്തംഗം എന്നിവരെ എതിർകക്ഷികളാക്കിയാണ് സ്റ്റാൻസി അന്ന് പൊലീസിൽ പരാതി നൽകിയത്.