കൊല്ലം:ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി 2017-18 വർഷത്തിൽ ജില്ലാ പഞ്ചായത്ത് സൈഡ് വീൽ സ്കൂട്ടർ വാങ്ങിയതിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. ടെണ്ടറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ രണ്ട് സ്ഥാപനങ്ങളെ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഒഴിവാക്കി പോരായ്മയുള്ള വാഹനത്തിനായി കരാർ ഉറപ്പിക്കുകയും നിയമവിരുദ്ധമായി വാഹനങ്ങളിൽ മാറ്റം വരുത്താൻ കൂട്ടുനിൽക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ഏഴ് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. ആർ.ടി.ഒ, കൃഷി അസി. എൻജിനിയർ (മെക്കാനിക്കൽ) എന്നിവരുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ആദ്യ രണ്ട് സ്ഥാപനങ്ങളെ ഒഴിവാക്കി മൂന്നാമത്തെ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ സ്ഥാപനവുമായി കരാർ ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഈ സ്ഥാപനം ടെണ്ടറിൽ സൂചിപ്പിച്ചിരുന്ന മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. ശാരീരിക വെല്ലുവിളി ഉള്ളവർക്ക് ഇന്ധനം നിറയ്ക്കാൻ സ്കൂട്ടറിൽ നിന്നിറങ്ങുക ഏറെ പ്രയാസമാണ്. അതിനാൽ ഇന്ധനം നിറയ്ക്കാനുള്ള വാൽവ് വാഹനത്തിന്റെ പിൻഭാഗത്ത് വേണമെന്ന് മാനദണ്ഡമുണ്ടായിരുന്നു. പക്ഷെ, കരാറുറപ്പിച്ച വാഹനത്തിന്റെ വാൽവ് സീറ്റിനടിയിൽ ആയിരുന്നു. പോരായ്മ പരിഹരിക്കാൻ വാൽവ് മാറ്റി സ്ഥാപിക്കാൻ വാഹന നിർമ്മാതാക്കളുമായി നിയമവിരുദ്ധമായി ധാരണ ഉണ്ടാക്കുകയായിരുന്നു.
വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്ര ഏജൻസിയായ ഓട്ടോമാറ്റിക് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എ.ആർ.എ.ഐ)അനുവാദത്തോടെ മാത്രമേ വാഹനങ്ങളിൽ മാറ്റം വരുത്താൻ പാടുള്ളു. എ.ആർ.എ.ഐയുടെ അനുവാദമില്ലാതെ മാറ്റം വരുത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് സാധുതയുമില്ല. പരാതികളുയർന്നാൽ ഈ സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടേക്കാം.
1.27 കോടി രൂപ നൽകി 196 സ്കൂട്ടറുകളാണ് സ്വകാര്യ ഏജൻസിയിൽ നിന്ന് ജില്ലാ പഞ്ചായത്ത് വാങ്ങിയത്. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കരാർ ഉറപ്പിച്ചതിനും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിനും പിന്നിൽ ദുരൂഹതയും ഓഡിറ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ടെണ്ടർ
7 കമ്പനികൾ പങ്കെടുത്തു
2 കമ്പനികൾക്ക് സാങ്കേതിക അയോഗ്യത
3-ാം സ്ഥാനക്കാർക്ക് കരാർ
വീഴ്ച
ഇന്ധനം നിറയ്ക്കാനുള്ള വാൽവ് ശാരീരിക വൈകല്യം നേരിടുന്നവരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ സീറ്റിനടിയിൽ. കരാർ നിബന്ധനയുടെ ലംഘനം. നിയമവിരുദ്ധമായി വാഹനത്തിന് രൂപമാറ്റം വരുത്തി വാൽവ് സജ്ജീകരിച്ചു.
സ്കൂട്ടർ
ആകെ വാങ്ങിയത്: 196
ഒന്നിന്റെ വില: 65000 രൂപ
മൊത്തം തുക: 1.27 കോടി രൂപ