രാവിലെ 8 മുതൽ വൈകിട്ട് 5വരെ 1387 ബൂത്തുകൾ പ്രവർത്തിക്കും
കൊല്ലം: ജില്ലയിൽ അഞ്ച് വയസിന് താഴെയുള്ള 1,72,242 കുട്ടികൾക്ക് നാളെ (ഞായർ) പോളിയോ വാക്‌സിൻ നൽകും. 1387 ബൂത്തുകൾ സജ്ജമാക്കി. രാവിലെ 8 മുതൽ വൈകിട്ട് അഞ്ച് വരെയാണ് സേവനം. ഉദ്ഘാടനം രാവിലെ 8ന് കൊല്ലം വിക്ടോറിയ ആശുപത്രിയിൽ എം.നൗഷാദ് എം.എൽ.എ നിർവഹിക്കും.
പ്രധാന കവലകൾ, ബസ്, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി 37 ട്രാൻസിറ്റ് ബൂത്തുകളും 47 മൊബൈൽ ബൂത്തുകളും സജ്ജമാക്കുമെന്ന്
റി പ്രൊഡക്ടീവ് ആന്റ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ.വി.കൃഷ്‌ണവേണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാക്‌സിൻ ലഭിക്കാത്ത കുഞ്ഞുങ്ങളെ കണ്ടെത്തി നൽകാൻ 20,21 തീയതികളിൽ സന്നദ്ധ പ്രവർത്തകർ വീടുകളിലെത്തും. 6412 സന്നദ്ധ പ്രവർത്തകർ 757206 വീടുകൾ സന്ദർശിക്കും.
പൾസ് പോളിയോ വാക്‌സിൻ എന്തിന് ?
1995 മുതലാണ് ഇന്ത്യയിൽ പൾസ് പോളിയോ ഇമ്മ്യൂണെെസേഷൻ ആരംഭിച്ചത് . കുഞ്ഞുങ്ങളെ പോളിയോ രോഗം മൂലമുള്ള മരണത്തിൽ നിന്നും അംഗവൈകല്യത്തിൽ നിന്നും രക്ഷിക്കുകയാണ് ലക്ഷ്യം. ഭക്ഷണത്തിലൂടെയും മലത്തിലൂടെയുമാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് പ്രധാനമായും മൂന്നിനം വൈറസുകളാണ് രോഗം ഉണ്ടാക്കിയിരുന്നത്. അതിൽ ടൈപ്പ് 2, 3 വൈറസുകളെ നിർമ്മാർജനം ചെയ്യാൻ കഴിഞ്ഞു.
2011 ജനുവരി 13ന് പശ്ചിമ ബംഗാളിലാണ് രാജ്യത്ത് അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്‌തത്. കേരളത്തിൽ 2000ൽ മലപ്പുറത്താണ് അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്‌തത്. 2014 മാർച്ച് 27ന് ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അയൽ രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പോളിയോ കേസുകളുടെ എണ്ണം അടുത്തിടെ വർദ്ധിച്ചു. ജനസാന്ദ്രതയുടെ വർദ്ധനവ്, രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ജനങ്ങളുടെ സഞ്ചാരം, ഡിഫ്‌ത്തീരിയ, മീസിൽസ്, വില്ലൻ ചുമ തുടങ്ങിയ രോഗങ്ങളുടെ തിരിച്ചു വരവ്, കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആധിക്യം എന്നിവയെല്ലാം കണക്കിലെടുത്താണ് പൾസ് പോളിയോ വീണ്ടും നടപ്പാക്കുന്നത്.
..............
'പോളിയോ രോഗം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏവരും പങ്കാളികളാകണം. കുട്ടികൾക്ക് രണ്ട് ഡോസ് പോളിയോ തുള്ളി മരുന്ന് നൽകണം".
ഡോ.വി.കൃഷ്‌ണവേണി
റി പ്രൊഡക്ടീവ് ആന്റ് ചൈൽഡ് ഹെൽത്ത് ഓഫീസർ