കൊല്ലം, ചാത്തന്നൂർ, കുണ്ടറ, ചവറ, കരുനാഗപ്പള്ളി, കുന്നത്തൂർ, പുനലൂർ, കൊട്ടാരക്കര, പത്തനാപുരം, കടയ്ക്കൽ യൂണിയനുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
സമുദായം ഒറ്റക്കെട്ടായി യോഗം നേതൃത്വത്തിന് പിന്നിൽ അണിനിരക്കും.
കൂടെനിന്ന് സ്ഥാനമാനങ്ങൾ നേടിയശേഷം സമുദായത്തെ തള്ളിപ്പറഞ്ഞവരെ തുരത്തണം.
കൊല്ലം: എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ജില്ലയിലെ ശ്രീനാരായണ സമൂഹത്തിന്റെ മുഴുവൻ ശക്തമായ പിന്തുണ. സംസ്ഥാനത്തെ മുഴുവൻ എസ്.എൻ.ഡി.പി യൂണിയനുകളും ശാഖകളും പോഷകസംഘടനകളും നൽകുന്ന കരുത്തുറ്റ പിന്തുണയുടെ ശക്തി വിളിച്ചറിയിച്ച് യോഗനേതൃത്വത്തിന് അകമഴിഞ്ഞ പിന്തുണയുമായി കൊല്ലം ജില്ലയിലെ മുഴുവൻ എസ്.എൻ.ഡി.പി യൂണിയനുകളും ശാഖകളും പോഷക സംഘടനകളും അണിനിരന്നു. ദുഷ്പ്രചാരണങ്ങൾക്കും കഴമ്പില്ലാത്ത ആരോപണങ്ങൾക്കും എതിരെ ഒറ്റക്കെട്ടായി ശക്തമായ തിരിച്ചടി നൽകുമെന്ന് ജില്ലയിലെ എസ്.എൻ.ഡി.പി യോഗം യൂണിയൻ ഭാരവാഹികൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു
ആർ.ശങ്കറിനെ തകർക്കാർ ശ്രമിച്ചവരുടെ പിൻഗാമികളാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പറഞ്ഞ അവർ, സമുദായം ഒറ്റക്കെട്ടായി ജനറൽ സെക്രട്ടറിക്ക് പിന്നിൽ അണിനിരക്കുമെന്ന് പ്രഖ്യാപിച്ചു. കൂടെനിന്ന് സ്ഥാനമാനങ്ങൾ നേടിയശേഷം സമുദായത്തെ തള്ളിപ്പറഞ്ഞവരെ തുരത്തണമെന്നും അവർ പറഞ്ഞു.
കൊല്ലം, ചാത്തന്നൂർ, കുണ്ടറ, ചവറ, കരുനാഗപ്പള്ളി, കുന്നത്തൂർ, പുനലൂർ, കൊട്ടാരക്കര, പത്തനാപുരം, കടയ്ക്കൽ യൂണിയനുകൾ എല്ലാ പിന്തുണയും ജനറൽ സെക്രട്ടറിക്ക് നൽകുന്നു. നിർദ്ദേശങ്ങൾക്കും നിബന്ധനകൾക്കും വിരുദ്ധമായി മൈക്രോ ഫിനാൻസ് ഇടപാടുകൾ നടത്തിയെന്ന പരാതിയിലാണ് മാവേലിക്കര യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട് സുഭാഷ് വാസു ഉൾപ്പെടെ ഉള്ളവർക്കെതിരെ നടപടിയെടുത്തത്. യൂണിയൻ ഫണ്ടും മൈക്രോ ഫിനാൻസ് ഫണ്ടും ദുർവിനിയോഗം ചെയ്തത് പിടികൂടിയപ്പോൾ ജനറൽ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. നോട്ട് നിരോധന സമയത്ത് മാവേലിക്കര യൂണിയന്റെ അക്കൗണ്ടിലൂടെ സുഭാഷ് വാസു കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മാറി. യൂണിയൻ വക ചാരുംമൂട് എസ്.എൻ ഹോസ്പിറ്റലും സ്വത്തുക്കളും അനധികൃതമായി ധനലക്ഷ്മി ബാങ്കിൽ പണയപ്പെടുത്തി ലഭിച്ച തുക മുഴുവൻ അപഹരിച്ചു. കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനീയറിംഗിന്റെ വരവ് ചെലവ് കണക്കുകൾ കഴിഞ്ഞ 12 വർഷമായി നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സുഭാഷ് വാസു ജനറൽ ബോഡി വിളിച്ച് ഓഹരി ഉടമകളെ അറിയിച്ചിട്ടില്ല. ജനറൽ ബോഡിയിൽ കോളേജിന്റെ കണക്ക് വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. കോളേജിന്റെ പേരിൽ ഓഹരി ഉടമകൾ അറിയാതെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ തിരിച്ചടച്ചിട്ടില്ല. സുഭാഷ് വാസുവിന്റെ ഇടപെടലുകളെല്ലാം ക്രമവിരുദ്ധവും അഴിമതി നിറഞ്ഞതുമാണ്. അതെല്ലാം കണ്ടുപിടിച്ച് നടപടി എടുത്തതിന്റെ പേരിൽ ജനറൽ സെക്രട്ടറിയെയും സമുദായത്തെയും പൊതുമദ്ധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കൗൺസിലർമാരായ പി.സുന്ദരൻ, പച്ചയിൽ സന്ദീപ്, കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ.ജി.ജയദേവൻ, സെക്രട്ടറി അഡ്വ.അനിൽകുമാർ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, സെക്രട്ടറി കെ.വിജയകുമാർ, കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി ഡോ.പി.കമലാസനൻ, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് ഷാജി, സെക്രട്ടറി ബിജു, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി ജി.വിശ്വംഭരൻ, കടയ്‌ക്കൽ യൂണിയൻ പ്രസിഡന്റ് ചന്ദ്രബോസ്, സെക്രട്ടറി ശശാങ്കൻ, പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, സെക്രട്ടറി ആർ.ഹരിദാസ്, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി അനീഷ് കാരയിൽ എന്നിവർ പങ്കെടുത്തു.