കൊല്ലം: ഓഫീസ് തുറക്കാനെത്തിയ മുത്തൂറ്റ് ബ്രാഞ്ച് മാനേജരെ സി.ഐ.ടി.യു പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചതായി പരാതി. പരിക്കേറ്റ ബ്രാഞ്ച് മാനേജർ തിരുമുല്ലവാരം വി.കെ.നഗർ (87) കാർത്തികയിൽ എൻ.ജെ.ജ്യോതിഷിനെ (33) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ കൊല്ലം ആനന്ദവല്ലീശ്വരം ബ്രാഞ്ചിലായിരുന്നു സംഭവം. ഈ മാസം രണ്ട് മുതൽ മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ യൂണിയൻ തൊഴിലാളികളുടെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. ആനന്ദവല്ലീശ്വരം ബ്രാഞ്ചിലെ നാല് ജീവനക്കാരും സമരത്തിൽ പങ്കെടുത്തിരുന്നില്ല. സമരം തുടങ്ങിയ ദിവസം സ്ഥാപനം തുറന്ന് പ്രവർത്തിച്ചു. തൊട്ടടുത്ത ദിവസം സമരാനുകൂലികൾ ജീവനക്കാരെ ഇറക്കി വിട്ടിരുന്നു. ഇതിനുശേഷം തുറന്ന് പ്രവർത്തിക്കുന്നില്ലെങ്കിലും പണയം വച്ചവർക്ക് വൈകുന്നേരങ്ങളിൽ തിരികെയെടുക്കാൻ സൗകര്യം ഒരുക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകിട്ട് 5നുശേഷം ജ്യോതിഷും രണ്ട് വനിതാജീവനക്കാരുമെത്തി ബ്രാഞ്ച് തുറന്നപ്പോഴാണ് സി.ഐ.ടി.യു പ്രവർത്തകർ ഇവിടേക്കെത്തിയത്. ജ്യോതിഷിന്റെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മർദ്ദിച്ചു. പിന്നീട് സ്ഥാപനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴും മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ കേസെടുത്തതായി വെസ്റ്റ് പൊലീസ് പറഞ്ഞു.