pranav-

കൊല്ലം:തന്റെ കാലുകൾ പോലെ ജീവിത വഴികളും വളഞ്ഞുപോയ രണ്ട് പതിറ്റാണ്ട് കാലത്തെ മറികടന്ന് ഇരുകാലുകളും നിലത്തൂന്നി കോളേജിലേക്കും ജീവിതത്തിലേക്കും നടന്ന് കയറണമെന്ന ആഗ്രഹമാണ് പ്രണവിന്റെ മനസ് നിറയെ. എന്നും രാവിലെ പ്രണവിനെ പിന്നിലിരുത്തി അച്ഛൻ പ്രകാശിന്റെ സ്‌കൂട്ടർ എത്തുന്നതും കാത്ത് ശാസ്‌താംകോട്ട കെ.എസ്.എം ഡി.ബി കോളേജിലെ രണ്ടാം വർഷം പൊളിറ്റിക്കൽ സയൻസ് കുട്ടികൾ ക്ലാസിന് മുന്നിലുണ്ടാകും. പിന്നെ അവരുടെ കൈകളിലേറി ക്ലാസിലേക്കും പഠനത്തിലേക്കും പോകും പ്രണവ് .

ശൂരനാട് വടക്ക് തെക്കേമുറി പ്രകാശ് ഭവനത്തിൽ ആർ.സി.പ്രണവിന്റെ (21) ഇരുകാലുകളും ജന്മനാ വളഞ്ഞ് പോയതാണ്. പത്തടിപോലും നടക്കാൻ അവനാകില്ല.

വീടും ശാസ്‌താംകോട്ടയിലെ ഡി.ബി കോളേജുമാണ് ഇന്ന് പ്രണവിന്റെ ലോകം. പിൻവിളികൾ പലതുണ്ടായെങ്കിലും പഠിക്കണമെന്ന പ്രണവിന്റെ നിശ്ചയദാർഢ്യമാണ് അവനെ ഡിഗ്രി വിദ്യാർത്ഥിയാക്കിയത്. തുടർന്ന് പഠിക്കാനും ലോകത്തെ അറിയാനും ആഗ്രഹമുണ്ടെങ്കിലും

കാലുകളുടെ വൈകല്യം പിന്നോട്ട് വലിക്കുകയാണ്. ജന്മനാ വൈകല്യം പരിഹരിക്കാൻ അച്ഛൻ പ്രകാശും അമ്മ രാധാമണിയും തേടാത്ത വഴികളില്ല. വളരുമ്പോൾ കാലുകൾ നേരെയാകുമെന്ന ഡോക്‌ടർമാരുടെ ഉറപ്പുകൾ പാഴാകുന്നുവെന്ന് കണ്ടപ്പോൾ പ്രതീക്ഷ കൈവിടാതെ പല ആശുപത്രികളിലുമെത്തി.

ഭീമമായ ചികിത്സാ ചെലവിന് മുന്നിൽ നിർധന കുടുംബത്തിന് പിൻതിരിയേണ്ടി വന്നു. വിദ്യാഭ്യാസത്തിലൂടെ നിവർന്ന് നിൽക്കണമെന്ന പ്രണവിന്റെ ആഗ്രഹത്തിന് കരുത്തേകാൻ അച്ഛനും അമ്മയും ഒപ്പമുണ്ട്. വീടിന് വിളിപ്പാടകലെയുള്ള ആനയടി നരസിംഹ ക്ഷേത്രത്തിലെ ഗജമേളയടക്കം നാട്ടിലെ ഉത്സവകാലങ്ങളെല്ലാം ഓടിനടന്നു കാണണമെന്ന പ്രണവിന്റെ ആഗ്രഹത്തിന് അവന്റെ തിരിച്ചറിവോളം പ്രായമുണ്ട്.

പ്രണവിനെ ദിവസവും കോളേജിൽ കൊണ്ടു പോകേണ്ടി വന്നതോടെ കർഷക തൊഴിലാളിയായ പ്രകാശിന്റെ തൊഴിൽ മുടങ്ങി. തൊഴിലുറപ്പ് തൊഴിലാളിയാണ് അമ്മ രാധാമണി.

പ്രണവിന്റെ ആഗ്രഹം സഫലമാക്കാൻ സുമനസുകളുടെ സഹായം തേടുകയാണ് ഈ അച്ഛനും അമ്മയും. കാലുകളുടെ വളവ് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാമെന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ശസ്ത്രക്രിയയ്‌ക്ക് മാത്രം അഞ്ച് ലക്ഷത്തോളം രൂപ ചെലവാകും. വേലനവധിക്കാലത്ത് ശസ്ത്രക്രീയ നടത്തിയാൽ അടുത്ത ജൂണിൽ പ്രണവ് കോളേജിലേക്ക് തനിയെ നടന്നു പോകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. പ്രണവിന്റെ പേരിൽ എസ്.ബി.ഐ ശൂരനാട് ശാഖയിൽ ആരംഭിച്ച അക്കൗണ്ടിൽ സഹായമെത്തിക്കാം. അക്കൗണ്ട് നമ്പർ 67181736488. ഐ.എഫ്.എസ്.സി കോഡ് SBIN0071240. ഫോൺ: 96051 97404.