school
വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കെ.രാജു , നഗരസഭ ചെയർമാൻ കെ. രാജശേഖരൻ, സ്കൂൾ മുഖ്യ രക്ഷാധികാരി കെ. മുരളീധരൻ തുടങ്ങിയവർ സമീപം

പുനലൂർ: കേരളത്തിലെ അക്കാഡമിക് നിലവാരം അന്താരാഷ്ട്രാ നിലവാരത്തിൽ എത്തിയാലേ വിദ്യാലയങ്ങളും അന്താരാഷ്ട്ര നിലവാരത്തിൽ ഉയരുകയുള്ളൂ എന്ന് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യാഭ്യാസം നൽകാൻ സംസ്ഥാനത്തെ എല്ലാ സ്കൂളുകളെയും ഹൈടെക് സ്കൂളുകളാക്കി മാറ്റുകയാണ്. അടുത്ത മാസം അവസാനത്തോടെ ഇത് പൂർത്തിയാകും. നാളെത്തെ ലോകം വൈജ്ഞാനിക മണ്ഡലത്തിന്റേതാണ്. അവിടേക്ക് വിദ്യാർത്ഥികളെ സംഭാവന ചെയ്യുന്നത് കേരളമാകണമെന്ന ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഏറ്റവും വലിയ അറിവിന്റെ പ്രഥമ ശ്രേയസ് പുസ്തകമാണ്. ഇത് കണക്കിലെടുത്ത് ഒരു ലക്ഷം ക്ലാസ്‌മുറികളിൽ ഈ വർഷം ലൈബ്രറികൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യ രക്ഷാധികാരി കെ. മുരളീധരൻ ആമുഖ പ്രസംഗം നടത്തി. വി.എച്ച്.എസ്.ഇ അസി.ഡയറക്ടർ കുര്യൻ എ.ജോൺ പ്ലേസ്‌മെന്റ് ഉദ്ഘാടനവും പുനലൂർ നഗരസഭ ചെയർമാൻ കെ. രാജശേഖരൻ അവാർഡ് വിതരണവും നടത്തി. നഗരസഭാ കൗൺസിലർമാരായ കെ.എ. ലത്തീഫ്, സജ്ഞു ബുഖാരി, പ്രസന്ന കൃഷ്ണ, പി.ടി.എ പ്രസിഡന്റ് എൻ. കോമളകുമാർ, പുനലൂർ ഡി.ഇ.ഒ എ. വിജയമ്മ, എ.ഇ.ഒ ആർ. ഉണ്ണിക്കൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ സി.ബി. വിജയകുമാർ, ഡി. ദിനേശൻ, എൻ. സുരേഷ്‌കുമാർ ബാബു തുടങ്ങിയവർ സംസാരിച്ചു.

പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ് സ്വാഗതവും പ്രഥമാദ്ധ്യാപിക റാണി എസ്. രാഘവൻ റിപ്പോർട്ടും സ്റ്റാഫ് സെക്രട്ടറി കെ. സജിത്ത് നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. രാവിലെ 8.30ന് സ്കൂൾ മാനേജർ കെ.സുകുമാരൻ പതാക ഉയർത്തി.