photo
നെടുവത്തൂർ ഡി.വി.യു.പി സ്കൂളിലെ വിദ്യാർത്ഥി സംഘം ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറിനൊപ്പം

കൊല്ലം: നൂറുനൂറു ചോദ്യങ്ങളുമായാണ് കുട്ടിക്കൂട്ടം കളക്ടറുടെ മുന്നിലേക്കെത്തിയത്. പുറത്ത് പരാതിക്കാരും മറ്റുമായി ഏറെപ്പേർ കാത്തുനിൽപ്പുണ്ടെങ്കിലും കുസൃതിക്കുട്ടികളുടെ ചോദ്യങ്ങൾക്ക് കാതുകൊടുക്കാൻ കളക്ടർ ബി.അബ്ദുൽ നാസർ തയ്യാറായി. തമാശ കലർത്തിയുള്ളതായിരുന്നു ഓരോ ഉത്തരങ്ങളും. ചിരിച്ചും ചിരിപ്പിച്ചും നേരംപോയതറിഞ്ഞതുമില്ല. കൊട്ടാരക്കര നെടുവത്തൂർ ഡി.വി.യു.പി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇന്നലെ രാവിലെ സിവിൽ സ്റ്റേഷനിലെ കളക്ടറുടെ ചേംബറിലെത്തിയത്. സ്കൂൾ പി.ടി.എയുടെ നിർദ്ദേശ പ്രകാരം സ്കൂൾ വാർഷികത്തിന് കളക്ടറെ നേരിൽ വിളിക്കാൻ കുട്ടിസംഘം അദ്ധ്യാപകർക്കൊപ്പം ചെന്നതായിരുന്നു. കാലേക്കൂട്ടി അനുവാദം വാങ്ങിയതിനാൽ കുട്ടിസംഘത്തിന് മുന്തിയ പരിഗണന കിട്ടി. "സാറിനെപ്പറ്റി പത്രങ്ങളിൽക്കൂടി വായിച്ചറിഞ്ഞ ത്രില്ലിലാണ് ഞങ്ങൾ"- കുട്ടി സംഘത്തിന്റെ ലീഡർ ലക്ഷ്മീ നന്ദ കളക്ടറോട് പറഞ്ഞു. വായിച്ചപ്പോൾ സഹതാപമാണോ തോന്നിയതെന്ന് കളക്ടർ തിരിച്ച് ചോദിച്ചപ്പോൾ അല്ല, മറിച്ച് അഭിമാനമാണെന്നും ഞങ്ങൾക്ക് അതൊരു പ്രേരണയാണെന്നും കുട്ടികൾ പറഞ്ഞു. ഐ.എ.എസ് സ്വപ്നങ്ങൾ, വീട്ടുവിശേഷങ്ങൾ, സ്കൂളിന്റെ വിശേഷങ്ങൾ, പാഠ്യ-പാഠ്യേതര കാര്യങ്ങൾ തുടങ്ങി അങ്ങോട്ടുമിങ്ങോട്ടും ചോദിക്കാനും പറയാനും ഏറെയുണ്ടായിരുന്നു. മതിവരാതെയാണ് കുട്ടിസംഘം അവിടെ നിന്നും മടങ്ങിയത്. മറ്റ് കുട്ടികളെ കാണാനായി സ്കൂൾ വാർഷികത്തിന് കൃത്യമായും എത്തുമെന്ന് കളക്ടർ ഉറപ്പും നൽകി. സ്കൂൾ പ്രഥമാദ്ധ്യാപിക കെ.ശ്രീലത, അദ്ധ്യാപകരായ ജി.സതീഷ് കുമാർ, ടി.ജെ.കൃഷ്ണകുമാർ, എസ്.സതീഭായി, പി.ടി.എ എക്സി.അംഗം കോട്ടാത്തല ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ലക്ഷ്മി നന്ദ, എ.എസ്. ശ്രീനന്ദ, സാനിയ മറിയം പണിക്കർ, നൈഷാൽ, ശ്രീഹരി, എസ്.ആർ.ഗൗതം, ജെ.അഭിനവ്, സജിന സലീം എന്നീ വിദ്യാർത്ഥികളാണ് കളക്ടറുമായി വിശേഷങ്ങൾ പങ്കുവയ്ക്കാനെത്തിയത്.