കൊല്ലം: വീട്ടമ്മയുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ നീങ്ങുമോ? 2019 ജൂലായ് 29ന് മരിച്ച ഷീലയുടെ (46) മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും മൃതദേഹത്തിൽ നിന്ന് ശേഖരിച്ച ശരീര ഭാഗങ്ങളുടെ രാസപരിശോധനാ ഫലം എന്താകുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
ഷീലയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന ഉറച്ച നിലപാടിലാണ് മാതാവ് സ്റ്റാൻസിയും സഹോദരി ഷീനയും. മരണം സംഭവിച്ച ദിവസം തന്നെ ഇരുവരും സംശയം പ്രകടിപ്പിച്ചിരുന്നതാണ്. ഭർത്താവ് സംസന്റെയും മക്കളുടെയും മറ്റു ബന്ധുക്കളുടെയും നിലപാടും സ്വാധീനവുമാണ് പോസ്റ്റ്മോർട്ടം പോലും നടത്താതെ മൃതദേഹം സംസ്ക്കരിക്കുന്നതിലെത്തിയത്. എന്നാൽ, നിലപാടിൽ നിന്ന് പിന്മാറാതെ മാതാവ് സ്റ്റാൻസിയും ഷീലയുടെ സഹോദരി ഷീനയും നടത്തിയ നിയമപോരാട്ടമാണ് ഇന്നലെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുന്നതുവരെ എത്തിയത്.
രാസപരിശോധനാഫലം അറിയണം
ഷീലയുടെ മൃതദേഹാവശിഷ്ടങ്ങൾ ജീർണിച്ച നിലയിലായിരുന്നു. മാംസഭാഗങ്ങൾ അഴുകി എല്ലുകൾ തെളിഞ്ഞെങ്കിലും ശേഷിക്കുന്ന ആന്തരാവയവ ഭാഗങ്ങളാണ് ഫോറൻസിക് വിദഗ്ധ ശേഖരിച്ചത്. സാധാരണ ഗതിയിൽ ദഹിപ്പിക്കാതെ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾ ആറുമാസത്തോളം കഴിഞ്ഞാൽ മണ്ണോട് ലയിച്ചു ചേരാറുണ്ട്. എന്നാൽ ഷീലയുടെ മൃതദേഹം കല്ലറയിൽ അടക്കം ചെയ്തതിനാൽ മണ്ണോട് ചേർന്നില്ലെന്നത് പ്രതീക്ഷ നൽകുന്നുണ്ടെന്നാണ് ഫോറൻസിക് അധികൃതർ പറയുന്നത്. വിഷം ഉള്ളിൽ ചെന്നാണ് ഷീലയുടെ മരണം സംഭവിച്ചതെന്ന ഉറച്ച നിലപാടിലാണ് മാതാവ് സ്റ്റാൻസിയും സഹോദരി ഷീനയും. ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നാലേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുകയുള്ളു. ഇതിന് രണ്ടാഴ്ചയെങ്കിലും എടുക്കുമെന്നാണ് സൂചന. രാസപരിശോധനയിൽ സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാലേ
കേസിന് പ്രസക്തിയുള്ളൂ.