അഞ്ചാലുംമൂട്: ശ്രീനാരായണ ഗുരുദേവന്റെ ദർശനത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കാൻ സമൂഹത്തിന് കഴിയണമെന്നും അതിലൂടെ മാത്രമേ സ്നേഹസമ്പന്നമായ സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയുകയുള്ളൂവെന്നും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതിനടേശൻ പറഞ്ഞു. ഗുരുപാദം വേദിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രാക്കുളം മണലിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നടക്കുന്ന വിശ്വമംഗള യാഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശ്രീനാരായണീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ, സെക്രട്ടറി അഡ്വ. അനിൽകുമാർ, ചിറയിൻകീഴ് സ്വാമിജി ഹോസ്പിറ്റലിലെ ഡോ. സീരപാണി, 445-ാം നമ്പർ പ്രാക്കുളം ശാഖാ സെക്രട്ടറി ആർ. സുഗതൻ, ക്ഷേത്രയോഗം സെക്രട്ടറി ധനപാലൻ എന്നിവർ പങ്കെടുത്തു. യജ്ഞാചാര്യൻ പള്ളിക്കൽ മണികണ്ഠൻ, യാഗഹോതാവ് ഗണേശൻ തിരുമേനി, ഗുരുപാദം ട്രസ്റ്റ് കോ ഓർഡിനേറ്റർ ഷിനു ബി. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് വ്യാവസായിക സമ്മേളനവും നടന്നു. യാഗം 23ന് സമാപിക്കും.