ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കെ.എ.പി കനാലുകളുടെ ശുചീകരണം ആരംഭിച്ചു. പ്രദേശവാസികൾ ഇവിടെയുണ്ടാകുന്ന വരൾച്ചയെ ഒരു പരിധി വരെ നേരിടുന്നത് കനാൽ ജലത്തിന്റെ സഹായത്തോടെയാണ്. കനാൽ തുറന്നു വിടുന്നതോടെ താലൂക്കിന്റെ പല ഭാഗങ്ങളിലും കൃഷിയിടങ്ങളിലും ജലമെത്തും. ഇതാണ് ഗ്രാമ പ്രദേശങ്ങളിൽ ഒരു പരിധി വരെ ജലക്ഷാമം പരിഹരിക്കാനുള്ള മാർഗം. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തുകൾ കനാലിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ശുചീകരണം ധ്രുതഗതിയിൽ
കനാൽ കടന്നു പോകുന്ന പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെയുള്ള മറ്റ് പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ധ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. വേനൽ കടുത്താൽ ശാസ്താംകോട്ട തടാകത്തിൽ നിന്നുള്ള പമ്പിംഗ് നിറുത്തിവയ്ക്കും. അപ്പോൾ സാധാരണയായി കനാൽ ജലം ശുദ്ധീകരിച്ചാണ് കുടിവെള്ളത്തിനായ് പമ്പ് ചെയ്യുന്നത്. വേനൽ കനത്തതോടെ കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാൽ തുറന്നു വിടണമെന്ന പ്രദേശവാസികളുടെ ആവശ്യവും ശക്തമായിട്ടുണ്ട്.
കേരള കൗമുദി വാർത്ത
നവംബർ 30 നകം തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ നവീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കുന്നത്തൂർ താലൂക്കിലെ പോരുവഴി, ശൂരനാട് സൗത്ത്, മൈനാഗപ്പള്ളി, കുന്നത്തൂർ, ശാസ്താംകോട്ട പഞ്ചായത്തുകളോട് കല്ലട ഇറിഗേഷൻ പ്രോജക്ട് (കെ.ഐ.പി ) ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പഞ്ചായത്തുകൾ മെല്ലെപ്പോക്ക് തുടരുകയായിരുന്നു. പഞ്ചായത്തുകൾ കാട്ടുന്ന അനാസ്ഥയെ കുറിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു. തുടർന്നാണ് കെ.എ.പി കനാലുകളുടെ ശുചീകരണം ആരംഭിച്ചത്.