കുന്നത്തൂർ: കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നടന്നു വന്ന ശാസ്താംകോട്ട ബ്ലോക്ക് ക്ഷീരോത്സവവും ക്ഷീരകർഷക സംഗമവും സമാപിച്ചു. കന്നുകാലി പ്രദർശനം, ഗോരക്ഷാ ക്യാമ്പ്, ക്ഷീര കർഷകരെ ആദരിക്കൽ എന്നിവ നടന്നു. കന്നുകാലി പ്രദർശനവും ഗോരക്ഷാ ക്യാമ്പും പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര കർഷകർക്കായി സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്തംഗം കെ. ശോഭന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ എസ്. മുബീന അദ്ധ്യക്ഷത വഹിച്ചു. ക്ഷീരകർഷക സംഗമം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി അദ്ധ്യക്ഷത വഹിച്ചു. സമ്മാനദാനം മിൽമ മേഖലാ ചെയർമാൻ കല്ലട രമേശ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കുന്നത്തൂർ പ്രസാദ്, ജയപ്രസന്നൻ, ജെ. ശുഭ, ഐ. നൗഷാദ്, അനിതാ പ്രസാദ്, ജില്ലാ പഞ്ചായത്തംഗം എം. ശിവശങ്കരപിള്ള എന്നിവർ ക്ഷീര കർഷകരെ ആദരിച്ചു. പി.എസ്. ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി, എസ്. മുബീന എന്നിവർ ധനസഹായ വിതരണം നിർവഹിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ ക്ഷീരസംഘം ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ക്ഷീര സംഘം പ്രസിഡന്റ് കെ. നാരായണൻ സ്വാഗതവും ബ്ലോക്ക് ക്ഷീരവികസന ഓഫീസർ കെ. ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.