ചാത്തന്നൂർ: കഴിഞ്ഞ ദിവസം കാണാതായ കോളേജ് വിദ്യാർത്ഥിനിയെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി എഴിപ്പുറം ഷൈൻ വിഹാറിൽ വാടകയ്ക്കു താമസിക്കുന്ന കടയ്ക്കൽ മുല്ലക്കര സ്വദേശി പ്രേംസുഭാഷിന്റെ മകൾ ഐശ്വര്യയാണ് (20) മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കൊല്ലത്തെ കോളേജിൽ മൂന്നാംവർഷ ഡിഗ്രി മ്യൂസിക് വിദ്യാർത്ഥിനിയായ ഐശ്വര്യ കോളേജിൽ പോകാനാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകുന്നേരം അഞ്ചു മണിയായിട്ടും വീട്ടിലെത്താത്തതിനെതുടർന്ന് മാതാവ് ഫോണിൽ വിളിച്ചു. ഫോൺ റിംഗ് ചെയ്തെങ്കിലും എടുത്തില്ല. മാതാപിതാക്കൾ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. സൈബർ സെൽ നടത്തിയ നിരീക്ഷണത്തിൽ ഫോൺ ഇത്തിക്കര പരിധിയിലുണ്ടെന്ന് തിരിച്ചറിഞ്ഞു. നാട്ടുകാരും പൊലീസും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ രാത്രി ഒരു മണിയോടെ ഐശ്വര്യയുടെ ബാഗ് ഇത്തിക്കര പാലത്തിന് സമീപത്തെ തോട്ടത്തിൽ കണ്ടെത്തി. പൊലിസും ഫയർഫോഴ്സും ആറ്റിൽ നടത്തിയ തെരച്ചിലിൽ ഇന്നലെ രാവിലെ 11മണിയോടെ മീനാട് ഭാഗത്ത് മൃതദേഹം കണ്ടെത്തി.
ചാത്തന്നൂർ സബ് ഇൻസ്‌പെക്ടർ സരിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.
സ്‌ക്യൂബാ ടീം അംഗങ്ങൾ ആയ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ, വിജേഷ്, ശ്രീകുമാർ, ഹരിരാജ്, ജിമ്മി ജോസഫ്, സരുൺ, നിജിൻ ബാബു, ജെയിംസ് എന്നിവരാണ് തെരച്ചിൽ നടത്തിയത്. പാരിപ്പള്ളി സി.ഐ രാജേഷ് ,പാരിപ്പള്ളി എസ്.ഐ രാജേഷ് എന്നിവരുടെ
നേതൃത്വത്തിലുള്ള പൊലിസ് സംഘവും ഉണ്ടായിരുന്നു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം വിട്ടുകൊടുത്ത മൃതദേഹം സ്വദേശമായ മുല്ലക്കരയിലേക്ക് കൊണ്ടുപോയി. പിതാവ് പ്രേംസുഭാഷ് പാരിപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറാണ്. സീമ മാതാവും ഗായത്രി സഹോദരിയുമാണ്.