ചവറ: വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ ആത്മധൈര്യം ഉണ്ടാക്കാൻ കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പറഞ്ഞു. കുട്ടികളിൽ ഗണിത താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സബ് ജില്ലാതല ഗണിതോത്സവ ക്യാമ്പ് ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയിൽ വളരെയേറെ വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്നും അവർ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം മുഖ്യ പ്രഭാഷണം നടത്തി. പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി അദ്ധ്യക്ഷത വഹിച്ചു. ചവറ എ.ഇ.ഒ എൽ. മിനി ക്യാമ്പിനെപ്പറ്റി വിശദീകരിച്ചു. പന്മന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം , സിയാദ് കാട്ടയ്യം, അബ്ദുൾ സമദ് ,പ്രിൻസിപ്പൽ ജെ. ഷൈല , പ്രഥമാദ്ധ്യാപകൻ എസ്. ജോർജ് കുട്ടി ,ക്യാമ്പ് കോ ഒാർഡിനേറ്റർ കുരീപ്പുഴ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. 19 ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം എൻ. വിജയൻ പിള്ള എം.എൽ.എ നിർവഹിക്കും. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുകൃഷ്ണ കുമാർ മുഖ്യ പ്രഭാഷണം നടത്തും. സർട്ടിഫിക്കറ്റ് വിതരണം പന്മന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം നിർവഹിക്കും. 6 ,7 ,8 ക്ലാസിലെ കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.