കൊട്ടിയം: ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്ന് കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് വീട്ടമ്മമാരും കോളനി നിവാസികളും കൊട്ടിയത്തെ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റ് നിവാസികളാണ് വാട്ടർ അതോറിറ്റി ഓഫീസിൽ സംഘടിച്ചെത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തോളമായി പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ല. അധികൃതരുമായി ബന്ധപ്പെടുമ്പോൾ ഉടൻ വെള്ളം കിട്ടുമെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും വീട്ടമ്മമാർ പറഞ്ഞു. രണ്ട് ദിവസം കാത്തിരുന്നിട്ടും വെള്ളം കിട്ടാതായതോടെയാണ് പ്രതിഷേധ സമരവുമായി ഇവർ കൊട്ടിയത്തെ ഓഫീസിൽ എത്തിയത്.
മയ്യനാട് പഞ്ചായത്തിലെവിടെയും കഴിഞ്ഞ മൂന്ന് ദിവസമായി വെള്ളം കിട്ടാത്ത അവസ്ഥയാണ്. സമരവുമായെത്തിയ സ്ത്രീകൾ പിരിഞ്ഞുപോകുവാൻ തയ്യാറാകാത്തതിനെ തുടർന്ന് കൊട്ടിയം എസ്.ഐ ഷഹാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിഷേധക്കാരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ വെള്ളം ലഭിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം ഉമേഷ്, കോൺഗ്രസ് നേതാവ് വിപിൻ ജോസ് എന്നിവർ നേതൃത്വം നൽകി.