photo
വയയ്ക്കൽ കരിങ്കൽ ക്വാറിയിലെ അപകടം

കൊട്ടാരക്കര: വാളകം വയയ്ക്കലിൽ കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ എക്‌സ്‌പ്ളോസീവ് ആക്ട് പ്രകാരം കേസെടുക്കേണ്ടി വരുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു. ക്വാറി പ്രവർത്തനം നടക്കുമ്പോൾ ബ്ളാസ്റ്റിംഗ് ലൈസൻസിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. ലൈസൻസിക്ക് മാസാമാസം ഒരു തുക നൽകുന്ന രീതിയാണ് മിക്ക ക്വാറികളിലും നടക്കുന്നത്. ലൈസൻസുള്ളയാൾ ക്വാറി കണ്ടിട്ടുപോലും ഉണ്ടാകില്ല. ഈ നിലയിലാണ് ഇവിടെയും സംഭവിച്ചതെന്നാണ് ലഭ്യമായ വിവരം. പഞ്ചായത്തിന്റെ എൻ.ഒ.സിയും ജിയോളജിയുടെ പെർമിറ്റുമടക്കം ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റ് രേഖകളെല്ലാം കൃത്യമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ഡയറക്ടർ ജനറൽ ഒഫ് മൈനിംഗ് ആൻഡ് സേഫ്ടി വിഭാഗം പരിശോധനയ്ക്കെത്തിയിരുന്നു. ഡയറക്ടർ വേണുഗോപാൽ സ്വാമിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് എത്തിയത്.

ബ്ളാസ്റ്റിംഗ് ലൈസൻസുമായി ലൈസൻസി ഉദ്യോഗസ്ഥ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ക്വാറിയുടെ പ്രവർത്തനത്തിൽ ബ്ളാസ്റ്റിംഗ് ലൈസൻസി നേരിട്ട് ഇടപെട്ടിരുന്നില്ലെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം എക്‌‌സ്‌പ്ളോസീവ് ആക്ട് പ്രകാരം കേസെടുക്കേണ്ടിവരും. ക്വാറിയുടെ പ്രവർത്തനം ജില്ലാ കളക്ടർ നിറുത്തിവയ്പിച്ചിരിക്കയാണ്. സാധാരണ അപകടം എന്ന നിലയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും കൂടുതൽ അന്വേഷണത്തിന് ശേഷം തുടർനടപടി കൈക്കൊള്ളാനാണ് നിർദ്ദേശം നൽകിയതെന്ന് കളക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു.

അപകടം ഇങ്ങനെ....

15ന് വൈകിട്ട് 3.30 ഓടെയായിരുന്നു വയയ്ക്കൽ കമ്പംകോട് വയണാമൂലയിലെ സ്റ്റാർ ക്രഷർ എന്ന പേരിലുള്ള പാറമടയിൽ അപകടമുണ്ടായത്.

കൊല്ലം കരിക്കോട് ചുമടുതാങ്ങി ജംഗ്ഷൻ സലീം മൻസിലിൽ സലീമിന്റെ മകൻ തൗഫീഖ് (25), ആസാം ഗുവാഹട്ടി സ്വദേശി ന്യുവൽ നെക്ര (30) എന്നിവരാണ് മരിച്ചത്. മാസങ്ങളായി പ്രവർത്തനം നിലച്ചിരുന്ന ക്വാറി പത്ത് ദിവസം മുമ്പാണ് വീണ്ടും പ്രവർത്തിച്ച് തുടങ്ങിയത്. ഹിറ്റാച്ചി, മിക്സർ എന്നിവ ഉപയോഗിച്ച് തൗഫീഖും ന്യുവൽ നെക്രയും വലിയ പാറക്കഷണങ്ങൾ ചെറുതാക്കുന്ന ജോലികൾ നടത്തുമ്പോഴായിരുന്നു അപകടം.

മുകളിൽ നാലടി വീതിയുള്ള കരിങ്കല്ല് സ്ളാബിന്റെ മോഡലിൽ നിന്നിരുന്ന വലിയ കല്ലുകൾ ശബ്ദത്തോടെ ഇളകി ഹിറ്റാച്ചിയുടെയും മിക്സറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഇതിനടിയിൽപെട്ടാണ് ഇരുവരും ദാരുണമായി മരിച്ചത്.