പരവൂർ: എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത തരത്തിലുള്ള റോഡിലെ കൊടുംവളവുകൾ പരവൂർ, പൂതക്കുളം കലയ്ക്കോട് പ്രദേശങ്ങളിൽ അപകടക്കെണിയൊരുക്കി കാത്തിരിക്കുന്നു. സൂചനാ ബോർഡുകളോ കോൺവെക്സ് മിററുകളോ സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ താത്പര്യം കാണിക്കാത്തത് അപകടസാധ്യത കൂടുതൽ വർദ്ധിപ്പിക്കുകയാണ്. വളവുകൾക്ക് മുമ്പായി വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ പ്രധാന സ്ഥലങ്ങളിൽ ഹമ്പുകൾ സ്ഥാപിച്ചിട്ടില്ലെന്നതും അധികൃതരുടെ അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്.
പരവൂർ തീരദേശം റോഡ്
പൊഴിക്കര ചീപ്പ് പാലം കഴിഞ്ഞ് കളരിമുക്കിന് സമീപമുള്ള കൊടുംവളവ് നിരവധി തവണ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. വീതി കുറഞ്ഞ റോഡാണ് ഇവിടെ. തീരദേശപാത ആയതിനാൽ സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിത്യവും ഇതുവഴി കടന്നുപോകുന്നുണ്ട്. രണ്ട് വാഹനങ്ങൾ എതിർദിശയിൽ വന്നാൽ മറികടന്നു പോവുക തന്നെ പ്രയാസമാണ്. ഒന്നു പാളിയാൽ വാഹനം നേരെ പതിക്കുന്നത് കായലിലാണ്. അപകടം തടയാൻ സംരക്ഷണ ഭിത്തികളോ അപകട സൂചനാ ബോർഡുകളോ ഇല്ല.
വേപ്പിൻമൂട്
നിത്യവും അപകടങ്ങൾ നടക്കുന്ന പൂതക്കുളത്തെ കൊടുംവളവാണ് വേപ്പിൻമൂടിന് സമീപത്തുള്ളത്. കഴിഞ്ഞ മാസം ഇവിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക് പറ്റിയിരുന്നു. ബൈക്കിൽ പോയ ദമ്പതികൾക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചതും ഇവിടെയാണ്. മുന്നിൽ കൊടുംവളവുണ്ട് എന്ന് അറിയിക്കുന്ന സൂചനാ ബോർഡുകൾ ഇവിടെയും സ്ഥാപിച്ചിട്ടില്ല. പൂതക്കുളം, ഊന്നിൻമൂട്, വർക്കല എന്നിവിടങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളും ഇതുവഴിയാണ് കടന്നുപോകുന്നത്.
ചക്കവിള
പൂതക്കുളത്തേക്ക് പോകുന്ന വഴിയിൽ തന്നെയുള്ള മറ്റൊരു അപകടവളവാണ് ചക്കവിളയ്ക്കു സമീപം. ഇവിടെ നിന്നുമാണ് കോട്ടുവൻകോണം ഭാഗത്തേക്കുള്ള റോഡുമുള്ളത്. ഇവിടെ എത്തുമ്പോൾ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം സുനിശ്ചിതം.
മാവിൻമൂട്
അപകടങ്ങൾ ഏറെ നടക്കുന്ന മറ്റൊരു ഭാഗമാണ് പൂതക്കുളത്തേക്ക് പോകുമ്പോൾ മാവിൻമൂടിന് സമീപത്ത് അടുത്തടുത്തുള്ള കൊടുംവളവുകൾ. റോഡിൽ ഇന്റർലോക്ക് ഇട്ടിട്ടുള്ളതിനാൽ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറുകയാണ് പതിവ്. തൊട്ടടുത്തുള്ള സപ്ലൈകോ ഗോഡൗണിൽ സാധനങ്ങൾ ഇറക്കാൻ എത്തുന്ന വലിയ ലോറികൾ വളവിലാണ് പാർക്ക് ചെയ്യുന്നത്. ഇതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കലയ്ക്കോട്
കന്യാമഠം ദേവീക്ഷേത്രത്തിന് മുന്നിലും കമഠത്ത് ദേവീ ക്ഷേത്രത്തിന് സമീപവുമാണ് കലയ്ക്കോടുള്ള പ്രധാന റോഡുകളിലെ കൊടുംവളവുകൾ. റോഡിന് ആവശ്യത്തിന് വീതിയുണ്ട്. അതിനാൽ വാഹനങ്ങൾ അമിതവേഗതയിലാണ് വരുന്നത്. സൂചനാ ബോർഡുകൾ ഇല്ലാത്തതിനാൽ ഇവിടുത്തെ കൊടുംവളവുകളിലും അപകടങ്ങൾ പതിവാണ്.
റോഡുകളിലെ കൊടുംവളവുകളിൽ ഹമ്പുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചാൽ അപകടങ്ങൾ ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കും.
ആർ. പ്രദീപൻ (സെക്രട്ടറി, പുറ്റിങ്ങൽ നഗർ റസിഡന്റ്സ് അസോസിയേഷൻ)