കൊല്ലം: ജനങ്ങൾ ശുചീകരണം ഒരു പ്രസ്ഥാനമാക്കി മാറ്റി മാലിന്യം വലിച്ചെറിയുന്നത് ഉപേക്ഷിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി ജില്ലാതല പൂർത്തീകരണ പ്രഖ്യാപനവും കുടുംബസംഗമവും സി. കേശവൻ സ്മാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാർച്ച് മാസത്തോടെ എല്ലാ വീടുകളിലും മാലിന്യ നിർമ്മാർജ്ജന സംവിധാനം ഉറപ്പാക്കും. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പതിനയ്യായിരത്തോളം വീടുകൾ പൂർത്തീകരിക്കാനായി. ഒന്നാം ഘട്ടത്തിൽ 95 ശതമാനവും രണ്ടാം ഘട്ടത്തിൽ 80 ശതമാനവും പൂർത്തികരിച്ചതായും മന്ത്രി പറഞ്ഞു.
പദ്ധതി നിർവഹണം നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങളെയും കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ പദ്ധതിക്കായി ഒരേക്കർ ഭൂമി സൗജന്യമായി നൽകിയ അബ്ദുള്ളയെയും മന്ത്രി കെ. രാജു ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, കളക്ടർ ബി. അബ്ദുൾ നാസർ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ആർ. ശരത്ചന്ദ്രൻ, എം. നൗഷാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.