കൊല്ലം: ഡ്രൈവിംഗ് പരിശീലനത്തിനും വ്യായാമത്തിനും മറ്റുമായി നൂറു കണക്കിന് പേർ ദിവസേനയെത്തുന്ന ആശ്രാമം മൈതാനത്ത് പൊതുജനങ്ങളുടെ സുരക്ഷ അരക്ഷിതാവസ്ഥയിൽ. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് ആശ്രാമം മൈതാനവും പരിസരവും.
മുമ്പ് കാടുമൂടി കിടന്നപ്പോഴും ഇഴജന്തുക്കൾ സ്ഥിരമായിരുന്നു. കാടൊക്കെ വെട്ടിത്തെളിക്കുകയും നവീകരണങ്ങൾ നടക്കുകയും ചെയ്‌തതോടെ കുറച്ചു നാളായി പ്രശ്നങ്ങൾ ഒഴിഞ്ഞു നിന്നെങ്കിലും വീണ്ടും അണലി ഉൾപ്പെടെയുള്ള വിഷപ്പാമ്പുകൾ ഇവിടെ അഭയം തേടിയിരിക്കുകയാണ്. രാവിലെ വ്യായാമം, യോഗ എന്നിവയ്ക്ക് എത്തുന്നവർക്ക് ഏറെ ഭീഷണി തെരുവുനായ്ക്കളാണ്. ഇവ ഇരുചക്ര വാഹനത്തിലെത്തുന്നവരെ ഉൾപ്പെടെ ഉപദ്രവിക്കുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.
സൂക്ഷിച്ചില്ലെങ്കിൽ...
ദിവസേന രാവിലെ മുതിർന്നവരും യുവാക്കളും ഉൾപ്പെടെ വ്യായാമത്തിനും കായിക പരിശീലനങ്ങൾക്കും ആശ്രാമം മൈതാനത്ത് എത്താറുണ്ട്. ചുരുക്കം ചിലർ നടപ്പാത മാത്രം ഉപയോഗിക്കുമ്പോൾ മിക്കവരും മൈതാനത്തിലാണ് പരിശീലിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കും നിർമ്മാണങ്ങൾക്കുമായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന പാറക്കല്ലുകൾക്കിടയിൽ ഇപ്പോൾ ഇഴജന്തുക്കൾ താവളമാക്കിയിരിക്കുകയാണ്.
മാലിന്യ നിക്ഷേപവും തകൃതി
മൈതാനത്തിന്റെ ഒരു ഭാഗത്ത് പ്ലാസ്റ്റിക്ക് കവറുകളുൾപ്പെടെയുള്ള മാലിന്യം കുന്നുകൂടുകയാണ്. ഇതിനൊപ്പം രാത്രികാലങ്ങളിൽ മദ്യപസംഘങ്ങൾ വലിച്ചെറിയുന്ന മദ്യക്കുപ്പികൾ, കുടിവെള്ള കുപ്പികൾ എന്നിവയും മൈതാനത്താകമാനം ചിതറിക്കിടക്കുന്നുണ്ട്.