muni
പുനലൂർ നഗരസഭയിലെ ലൈഫ് പാർപ്പിട സമുച്ചയം പണിയുന്ന പ്ലാച്ചേരിയിൽ നഗരസഭാ ചെയർമാൻ കെ. രാജശേഖരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തുന്നു

പുനലൂർ: സ്വന്തമായി ഭൂമിയും വീടുമില്ലാത്തവർക്ക് താമസിക്കാനായി സർക്കാർ നടപ്പിലാക്കുന്ന ലൈഫ് പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണ ജോലികൾ അടുത്ത മാസം ആദ്യ ആഴ്ചയിൽ പുനലൂർ നഗരസഭയിലെ പ്ലാച്ചേരിയിൽ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ അറിയിച്ചു. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറ്റ്സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമ്മാണ ജോലികളുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. പ്ലാച്ചേരിയിൽ നഗരസഭയുടെ നിയന്ത്രണത്തിലുളള 74സെന്റ് ഭൂമിയിലെ 50 സെന്റിലാണ് പാർപ്പിട സമുച്ചയം പണിയുന്നത്. 44 കുടുംബങ്ങൾക്ക് താമസിക്കാൻ 28,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. ലൈഫ് പാർപ്പിട പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം 2017മേയ് 23ന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ട് കൊണ്ട് പുനലൂരിൽ നിർവഹിച്ചിരുന്നു. തുടർന്ന് ചില സാങ്കേതിക കാരണങ്ങളാൽ പുനലൂരിലെ നിർമ്മാണ പ്രവർത്തനം വൈകുകയായിരുന്നു.

ലൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തിട്ടും നിർമ്മാണ ജോലികൾ വൈകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നിരവധി സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കെട്ടിട സമുച്ചയം പണിയുന്ന പ്ലാച്ചേരിയിലെ ഭൂമിയിൽ റീത്ത് വച്ച് പ്രതിഷേധിക്കുകയും ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 915 ഗുണ ഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയെങ്കിലും അന്തിമഘട്ടത്തിൽ 652പേരാണ് ഇതിൽ ഉൾപ്പെട്ടത്.

പ്ലാച്ചേരിയിൽ നഗരസഭയുടെ നിയന്ത്രണത്തിലുളള 74സെന്റ് ഭൂമിയിലെ 50 സെന്റിലാണ് പാർപ്പിട സമുച്ചയം പണിയുന്നത്.

44 കുടുംബങ്ങൾക്ക് താമസിക്കാൻ 28,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 915 ഗുണ ഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയെങ്കിലും അന്തിമഘട്ടത്തിൽ 652പേരാണ് ഇതിൽ ഉൾപ്പെട്ടത്.

സ്ഥല പരിശോധന

വീടുകളുടെ നിമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിൻെറ മുന്നോടിയായി ലൈഫ് മിഷൻ കോ - ഓർഡിനേറ്റർ വിജിൻ, പ്രോജക്ട് മാനേജർ രാകേഷ്, നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, കൗൺസിലർ വി. ഓമനക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുളള ജനപ്രതിനിധികളും, ഉദ്യോഗസ്ഥ സംഘവും സ്ഥല പരിശോധന നടത്തി. കെട്ടിട സമുച്ചയ നിർമ്മാണത്തിനാവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കിയതായി കരാറുകാർ പരിശോധക സംഘത്തെ അറിയിച്ചു.