കിഴക്കേകല്ലട: കൊല്ലം - തേനി ദേശീയപാതയിൽ ചിറ്റുമല കയറ്റത്ത് പവർ ജനറേറ്ററുമായി വന്ന ലോറി മറിഞ്ഞു. ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം.
സലിം സൗണ്ട്സ് എന്ന സ്ഥാപനത്തിന്റെ പവർ ജനറേറ്ററുമായി ശിങ്കാരപ്പള്ളിയിലേക്ക് പോകുകയായിരുന്നു ലോറി. ചിറ്രുമലയിലെ കുത്തനെയുള്ള കയറ്റം കയറവേ മുന്നിൽ പോകുകയായിരുന്ന ബൈക്ക് പെട്ടെന്ന് ബ്രേക്ക് ഡൗണായി നിന്നു. ബൈക്കിൽ ഇടിക്കാതിരിക്കാൻ ലോറി ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തു. ഇതോടെ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട ലോറി കുത്തനെയുള്ള ഇറക്കത്തിൽ പിന്നോട്ടിറങ്ങുകയും സമീപത്തെ പുരയിടത്തിലെെ തെങ്ങിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെങ്ങും കടപുഴകി വീണു. ഈ സമയം പിന്നാലെ വന്ന ബസും മറ്റ് വാഹനങ്ങളും ഉടൻ തന്നെ നിറുത്തിയതിനാൽ വൻ അപകടം ഒഴിവായി.
അപകടത്തിൽ കൂറ്റൻ ജനറേറ്ററിന് കാര്യമായ നാശനഷ്ടം സംഭവിച്ചു. അപകടത്തെതുടർന്ന് ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കിഴക്കേകല്ലട പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും ക്രെയിൻ ഉപയോഗിച്ച് ലോറിയും ജനറേറ്ററും മാറ്റി ഉച്ചയോടെ ഗതാഗതം പുനസ്ഥാപിച്ചു.