പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ തെന്മല ഗ്രാമ പഞ്ചായത്ത് മികവുറ്റ പ്രവർത്തനങ്ങളിൽ അഞ്ചാം തവണയും സംസ്ഥാന പുരസക്കാരം നേടി. ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ സമയ ബന്ധിതമായി ഏറ്റവും കൂടുതൽ വീടുകൾ പണിത് നൽകിയതിനുളള സംസ്ഥാന പുരസ്ക്കാരവും പ്രശസ്തി പത്രവുമാണ് ഇപ്പോൾ തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജക്ക് മന്ത്രി കെ. രാജു നൽകിയത്. ലൈഫ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ 165 വിടുകൾ പൂർത്തികരിച്ച് നൽകിയിരുന്നു .ശേഷിക്കുന്ന വീടുകളുടെ നിർമ്മാണ ജോലികൾ ഉടൻ പൂർത്തീകരിച്ച് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കയർ ഭൂ വസ്ത്രം ഉപയോഗിച്ചുളള നിർമ്മാണ ജോലികൾ ചെയ്ത പഞ്ചായത്ത്, പദ്ധതി തുകയിൽ നൂറ് ശതമാനവും ചെലവഴിച്ച സംസ്ഥാനത്തെ മികച്ച പഞ്ചായത്ത്, ലൈഫ് ഭവന പദ്ധതിക്കാവശ്യമായ സിമന്റ് കട്ടകൾ ഗുണ ഭോക്താക്കൾക്ക് ഉൽപ്പാദിപ്പിച്ചു നൽകിയ കേരളത്തിലെ ഏറ്റവും മികവുറ്റ പഞ്ചായത്ത്, സംസ്ഥാനത്ത് ഐ.എസ്.ഒ. നേടിയ പഞ്ചായത്ത് എന്നീ നാല് സംസ്ഥാന പുരസ്ക്കാരങ്ങൾ നേരത്തെ പഞ്ചായത്ത് കരസ്ഥമാക്കിയിരുന്നു. കൊല്ലം സി. കേശവൻ മെമ്മോറിയൽ ഹാളിൽ നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, എം. നൗഷാദ് എം.എൽ.എ, ജില്ലാ കളക്ടർ അബ്ദുൽനാസർ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.