പി.എസ്.യു സംസ്ഥാന സമ്മേളനം സമാപിച്ചു
കൊല്ലം: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സർക്കാരിനെക്കാൾ പിന്തിരിപ്പൻ നയങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പി.എസ്.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര ജനാധിപത്യ രാജ്യമായ ഭാരതത്തെ മതവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കം ചെറുക്കാൻ ആദ്യം തെരുവിലിറങ്ങിയത് വിദ്യാർത്ഥികളാണ്. മോദിയെയും അമിത്ഷായെയും ആശയക്കുഴപ്പത്തിലാക്കിയത് വിദ്യാർത്ഥികളുടെ നിലപാടാണ്. സ്വാശ്രയ വിദ്യാഭ്യാസത്തെയും സ്വകാര്യവൽക്കരണത്തെയും എതിർത്ത ഇടതുമുന്നണി ഇപ്പോൾ അവരുടെ വക്താക്കളായി മാറി. സ്വാശ്രയ സ്ഥാപനങ്ങൾക്ക് സ്വയംഭരണവും കൽപ്പിത സർവകലാശാലാ പദവിയും നേടിക്കൊടുക്കാൻ മുന്നിൽ നിന്ന് പരിശ്രമിക്കുകയാണ് ഇടതുമുന്നണി. രാജ്യത്തിന്റെ സമകാലിക പശ്ചാത്തലത്തിൽ വിദ്യാർത്ഥി സമൂഹത്തിന് നിർണായക പങ്കുവഹിക്കാനുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ആർ.ജി. രാഹുൽ അദ്ധ്യക്ഷനായിരുന്നു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, സി.പി. സുധീഷ്‌കുമാർ, ഷിബു കോരാണി, എസ്. ശോഭ, ആർ. ശ്രീധരൻപിള്ള, ഉല്ലാസ് കോവൂർ, ടി.ജി. പ്രസന്നകുമാർ, ടി.സി. വിജയൻ, ജെ. മധു, എൻ. സെയ്ഫുള്ള, വിഷ്‌ണു സുരേന്ദ്രൻ, ആനന്ദ് ഷൈൻ, എസ്. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. പി.എസ്.യു സംസ്ഥാന പ്രസിഡന്റായി അമൽ മധുസൂദനനെയും സെക്രട്ടറിയായി ഫെബിൻ സ്റ്റാലിനെയും സമ്മേളനം തിരഞ്ഞെടുത്തു.