gold-
പിടിച്ചെടുത്ത സ്വർണ്ണം

കൊല്ലം: രേഖകളില്ലാതെ ജില്ലയിലെത്തിച്ച രണ്ട് കിലോ സ്വർണം കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈൽ സ്‌ക്വാഡ് പിടികൂടി. കായംകുളത്തും പരിസര പ്രദേശങ്ങളിലും രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് ജി.എസ്.ടി രേഖകളില്ലാതെ കൊണ്ടുവന്ന മുക്കാൽ കോടിയോളം വിലവരുന്ന സ്വർണാഭരണം പിടികൂടിയത്. 4.9 ലക്ഷം രൂപ നികുതിയും പിഴയുമായി ഇൗടാക്കി ആഭരണം വിട്ടു നൽകി.

സ്റ്റേറ്റ് ടാക്സ് ഓഫീസർ എസ്. രാജീവിന്റെ നേതൃത്വത്തിൽ ബി. രാജേഷ്, എസ്. രാജേഷ്‌കുമാർ, ഇ.ആർ. സോനാജി, ആർ. ശ്രീകുമാർ എന്നിവരടങ്ങിയ കരുനാഗപ്പള്ളി ജി.എസ്.ടി സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ഇൗ ആഴ്‌ച മൂന്നു കേസുകളിലായി രണ്ടു കോടിയോളം വില വരുന്ന സ്വർണാഭരണം പിടികൂടി 13 ലക്ഷം രൂപ പിഴയും നികുതിയുമായി ഇൗടാക്കി.