zz
കമുകുംചേരി ഗവ. ന്യൂ എൽ. പി എസിൽ നടന്ന ശതപ്രണാമം പരിപാടി അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: കുട്ടികളെ സർക്കാർ സ്‌കൂളിൽ തന്നെ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കമുകുംചേരി ഗവ. ന്യൂ. എൽ. പി. സ്‌കൂളിൽ നടന്ന ശതപ്രണാമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ വിദ്യാലയങ്ങളിലാണ് ശരിയായ വിദ്യാഭ്യാസം നടക്കുന്നത്. മാതൃഭാഷതന്നെയാണു കുട്ടികൾ പഠിച്ചു വളരേണ്ടത്. ജാതി വിവേചനമില്ലെന്ന പ്രാഥമിക പാഠം കുട്ടികൾ പഠിച്ചതും പ്രൈമറി സ്‌കൂൾ തലത്തിൽ നിന്നാണെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി. പൂർവ വിദ്യാർത്ഥി കൂടിയായ ചിത്രകാരൻ പ്രമോദ് പുലിമലയുടെ എണ്ണഛായ ചിത്രങ്ങളുടെ അനാഛാദനവും അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. പ്രഥമാദ്ധ്യാപകൻ ആർ. ഉല്ലാസ് ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനെ ആദരിച്ചു. എസ്. എം. സി ചെയർമാൻ വി. ഹരികുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ രാജേഷ്, പഞ്ചായത്തംഗം ശ്രീകുമാരി, സജീവ് എസ്. എന്നിവർ സംസാരിച്ചു. മഹത്തായ വ്യക്തികളുടെ ജീവിതം കുട്ടികൾക്ക് പ്രചോദനകരമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി നൂറ് ചിത്രങ്ങളാണ് ഒരു വർഷം കൊണ്ട് സ്‌കൂളിൽ സ്ഥാപിക്കുക .ജീവചരിത്ര പതിപ്പുകൾ, പ്രശ്‌നോത്തരികൾ, ദിനാചരണങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങി ഒരു വർഷം നീളുന്ന പ്രവർത്തനങ്ങൾ ആണ് ശതപ്രണാമം പരിപാടിയിൽ തീരുമാനിച്ചിരിക്കുന്നത്.