നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു
കരുനാഗപ്പള്ളി: വർഷങ്ങളായി തകർന്ന് കിടക്കുന്ന തുറയിൽക്കടവ് ബോട്ട് ജെട്ടി പുനരുദ്ധരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. നാല് പതിറ്റാണ്ട് പഴക്കമുള്ള ബോട്ട് ജെട്ടി തകർന്നതിനെ തുടർന്ന് ഇവിടെ നിലവിൽ ബോട്ടുകൾ അടുക്കാറില്ല. കൊല്ലത്തിനും ആലപ്പുഴയ്ക്കും ഇടയിൽ ടി.എസ് കനാലിൽ 12 ബോട്ട് ജെട്ടികളാണ് ഉള്ളത്. ജലഗതാഗതം നിലച്ചതോടെയാണ് ബോട്ട് ജെട്ടികളുടെ ശനിദശ ആരംഭിച്ചത്. റോഡ് ഗതാഗതം സജീവമായതോടെ കഴിഞ്ഞ 20 വർഷമായി ബോട്ട് ഗതാഗതം നിറുത്തിവെച്ചിരിക്കുകയായിരുന്നു. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ജലഗതാഗത വകുപ്പ് ബോട്ട് ഗതാഗതം പുനരാരംഭിച്ചെങ്കിലും മിക്ക ബോട്ട് ജെട്ടികളും നിലവിൽ തകർന്ന് കിടക്കുകയാണ്. ബോട്ട് അടുത്താൽ ബന്ധിപ്പിക്കുന്നതിനുള്ള തെങ്ങിൻ കുറ്റികളും നാശോന്മുഖമായി.
കൊല്ലത്തിനും ആലപ്പുഴയ്ക്കും ഇടയിൽ ടി.എസ് കനാലിൽ 12 ബോട്ട് ജെട്ടികളാണ് ഉള്ളത്.
തുറയിൽക്കടവ്
കാൽ നൂറ്റാണ്ടിന് മുമ്പ് വരെ തുറയിൽക്കടവ് കരുനാഗപ്പള്ളിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. ബോട്ടുകളും വലിയ കേവ് വള്ളങ്ങളും ഇവിടെ അടുക്കുമായിരുന്നു. ഇപ്പോൾ കടത്ത് വള്ളങ്ങൾ പോലും ബോട്ട് ജെട്ടിയിൽ അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആലുംകടവ്, കോഴിക്കോട് പുത്തൻചന്ത, കന്നേറ്റി എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികൾ ഉൾനാടൻ ജലഗതാഗത വകുപ്പ് മുൻകൈ എടുത്ത് പുതുക്കി നിർമ്മിച്ചിരുന്നു. ശേഷിക്കുന്ന ബോട്ട് ജെട്ടികൾ ഇപ്പോഴും ജീർണതയുടെ വക്കിലാണ്.
നാട്ടുകാരുടെ ആവശ്യം
കായൽ തീരങ്ങളിൽ താമസിക്കുന്നവർ ഇപ്പോഴും ജലഗതാഗതത്തെ ആശ്രയിക്കുന്നവരാണ്. വിനോദ സഞ്ചാരികൾക്കൊപ്പം സ്വദേശികളും ബോട്ട് യാത്ര ചെയ്യാൻ സജീവമായി രംഗത്തുണ്ട്. ബോട്ട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ആലുംകടവിൽ എത്തിയാണ് യാത്ര ചെയ്യുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയിൽ നാശോന്മുഖമായ തുറയിൽക്കടവ് ബോട്ട് ജെട്ടി അടിയന്തരമായി പുതുക്കി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.