കൊല്ലം: ജില്ലയിൽ താമര വസന്തം സൃഷ്ടിക്കുക. അതാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റായി നിയമിതനായ ബി.ബി. ഗോപകുമാറിന്റെ സ്വപ്നം. 'വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷൻ അടക്കമുള്ളിടങ്ങളിൽ ബി.ജെ.പി കരുത്തുതെളിയിക്കും. പിന്നാലെ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നും ബി.ജെ.പി പ്രതിനിധികൾ നിയമസഭയിലെത്തും'.
ബി.ബി. ഗോപകുമാർ വെറുതെ സ്വപ്നം കാണുകയല്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് യു. ഡി. എഫ് സ്ഥാനാർത്ഥിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയതിന്റെ ആത്മവിശ്വാസം വാക്കുകളിൽ പ്രകടമാണ്.
തന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള അന്തരീക്ഷം ജില്ലയിലുണ്ടെന്ന് ഗോപകുമാർ ഉറപ്പിച്ച് പറയുന്നു. ബൂത്തുതലം മുതൽ സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും. ജനകീയ പ്രശ്നങ്ങളിൽ ശക്തമായി ഇടപെടും. തദ്ദേശ സ്ഥാപനങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും അഴിമതികൾ പുറത്തു കൊണ്ടുവന്ന് ജനങ്ങളെ അണിനിരത്തി സമരം ശക്തമാക്കും. ഒപ്പം കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും. കൂടുതൽ കേന്ദ്രാവിഷ്കൃത പദ്ധതികളും ജില്ലയിൽ എത്തിക്കാനുള്ള ഇടപെടൽ നടത്തും. കശുഅണ്ടി, കയർ തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങിചെന്ന് അവർ അനുഭവിക്കുന്ന ദുരവസ്ഥയുടെ കാരണങ്ങൾ ബോദ്ധ്യപ്പെടുത്തും. അവരെ ബി.ജെ.പിക്ക് പിന്നിൽ അണിനിരത്തി മാറ്റത്തിന്റെ പടയാളികളാക്കും. ഇങ്ങനെ നീളുന്നു ബി.ബി. ഗോപകുമാർ മനസിലുറപ്പിച്ച സ്വപ്നങ്ങൾ. അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ചത് ആർ.എസ്.എസിന്റെ പ്രത്യേക ഇടപെടലാണ്.
സൗമ്യതയാണ് മുഖമുദ്ര. അഭിപ്രായ വ്യത്യാസമുള്ളവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകുന്നതാണ് പ്രവർത്തന ശൈലി. നേതാവെന്ന അഹംഭാവമില്ലാതെ എല്ലാവരോടും ഇടപെടും. നേരിൽ കാണുന്നവരുമായി നിമിഷങ്ങൾക്കുള്ളിൽ സൗഹൃദത്തിലാകും. ഈ ജനകീയതയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ബി.ബി. ഗോപകുമാർ എല്ലാവരെയും ഞെട്ടിച്ച് യു.ഡി.എഫിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയതിന്റെ കാരണം.