യന്ത്രവത്കരണത്തിന് സാമ്പത്തിക സഹായത്തിനും സാദ്ധ്യത
തൊഴിലാളികൾക്ക് രണ്ട് മാസത്തെ ശമ്പളം ലണ്ടൻ സംഘടന നൽകും
കൊല്ലം: കടലിലെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി ഉയർത്തുന്ന പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ നീണ്ടകര ഹാർബർ കേന്ദ്രീകരിച്ച് ആരംഭിച്ച ശുചിത്വ സാഗരം പദ്ധതി ലാഭകരമാക്കുന്നത് സംബന്ധിച്ച് വിശദപഠനം നടത്താൻ വിദേശ സംഘമെത്തുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ്.ബി.എക്സ് എന്ന സന്നദ്ധ സംഘടനയാണ് തൊഴിലാളികൾക്ക് രണ്ട് മാസത്തെ ശമ്പളം സഹിതം നൽകി പദ്ധതിയെക്കറിച്ച് പഠിക്കുന്നത്.
പദ്ധതിയുടെ നിലവിലെ പോരായ്മകൾ, കടലിൽ നിന്നും കൂടുതൽ പ്ലാസ്റ്റിക് ശേഖരിക്കാൻ സ്വീകരിക്കാവുന്ന മാർഗ്ഗങ്ങൾ. കരയിലെത്തിക്കുന്ന മാലിന്യങ്ങൾ ശുചീകരിക്കുന്നതിലും സംസ്കരിക്കുന്നതിലും ഏർപ്പെടുത്താവുന്ന യന്ത്രവത്കരണം എന്നിവ സംബന്ധിച്ചാണ് പഠനം. കൂടുതൽ മാലിന്യം എത്തിക്കുന്നതിനൊപ്പം യന്ത്രവത്കരണത്തിലൂടെ സംസ്കരണവും വേഗത്തിലാകുന്നതോടെ പദ്ധതി ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. പഠനത്തിന് ശേഷം യന്ത്രവത്കരണത്തിനുള്ള സാമ്പത്തിക സഹായവും എം.എസ്.ബി.എക്സ് നൽകിയേക്കും.
2017 സെപ്തംബറിലാണ് ശുചിത്വ സാഗരം പദ്ധതി ആരംഭിച്ചത്. എല്ലാദിവസവും വൈകിട്ട് നീണ്ടകര ഹാർബറിൽ നിന്നും കടലിൽ പോകുന്ന ബോട്ടുകൾക്ക് വലയിൽ കുടുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യം നിറയ്ക്കാൻ ബാഗ് കൈമാറും. ബോട്ടുകൾ മടങ്ങിയെത്തുമ്പോൾ ബാഗ് വാർഫിൽ നിക്ഷേപിക്കും. പദ്ധതിയുടെ തൊഴിലാളികളെത്തി മാലിന്യം വേർതിരിക്കും. ഷെഡ്രിംഗ് യൂണിറ്റിലെത്തിച്ച് പുനരുപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക് പൊടിച്ച് ടാർ| നിർമ്മാണത്തിന് നൽകും. അല്ലാത്തവ ലേലം ചെയ്തു വിൽക്കും.
ശേഖരിച്ചത് 100 ടൺ മാലിന്യം
# ഡിസംബർ 31വരെയുള്ള കണക്കുപ്രകാരം 100 ടൺ മാലിന്യം കടലിൽ നിന്നു ശേഖരിച്ചിട്ടുണ്ട്.
# 54.5 ടൺ ഷ്രെഡ്രിംഗിന് ഉപയോഗിക്കാവുന്ന തരത്തിൽ വേർതിരിച്ചെടുത്തു.
# 30 ടൺ പൊടിച്ചു.
# 25.5 ടോൺ ടാർ നിർമ്മാണത്തിന് കൈമാറി.
ലണ്ടൻ സംഘം 5 ലക്ഷം നൽകും
രണ്ട് പുരുഷന്മാരും 25 സ്ത്രീകളുമടക്കം 27 തൊഴിലാളികളാണ് മാലിന്യം വേർതിരിക്കാനും സംസ്കരിക്കാനുമുള്ളത്. ആറ് മണിക്കൂർ നേരത്തെ ജോലിക്ക് 330 രൂപയാണ് ഒരു ദിവസത്തെ വേതനം. സംസ്ഥാന സർക്കാരാണ് ശമ്പളത്തിനുള്ള പണം നൽകുന്നത്. കൂടുതൽ പ്ലാസ്റ്റിക്ക് കടലിൽ നിന്നും ലഭിക്കുന്നതിനൊപ്പം സംസ്കരണവും വേഗത്തിലായാൽ സംസ്ഥാന സർക്കാരിന്റെ സഹായമില്ലാതെ തന്നെ ഇവർക്ക് ശമ്പളം നൽകാം. പദ്ധതിയെക്കുറിച്ച് പഠനം നടക്കുന്ന രണ്ട് മാസക്കാലം തൊഴിലാളികൾക്കുള്ള ശമ്പളമായി അഞ്ച് ലക്ഷം രൂപ ലണ്ടനിലെ എം.എസ്.ബി.എക്സ് നൽകും.
''ആധുനിക യന്ത്രങ്ങളെത്തിയാൽ പദ്ധതി ലാഭകരമാകും. മറ്റ് ഹാർബറുകളിലും നടപ്പിലാക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാരിന് ധൈര്യമായി മുന്നോട്ട് പോകാനും കഴിയും. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ആഴ്ചതോറും പദ്ധതി വിലയിരുത്തുന്നുണ്ട്.'
വിജയകുമാർ
(ശുചിത്വ സാഗരം സൂപ്പർവൈസർ)