gopakumar
gopakuamar

കൊല്ലം: ബി.ജെ.പിയുടെ കൊല്ലം ജില്ലാ പ്രസിഡന്റായി ബി.ബി. ഗോപകുമാറിനെ തിരഞ്ഞെടുത്തു.
ജില്ലാ അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുക്കാനുള്ള സംസ്ഥാന കോർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഇന്നലെ രാവിലെ നാമനിർദ്ദേശ പ്രതിക സമർപ്പിച്ചു. സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, കൊല്ലം മണ്ഡലം പ്രസിഡന്റ് മന്ദിരം ശ്രീനാഥ്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം മുരളീധരൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. ജിതിൻദേവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

വൈകിട്ട് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി വരണാധികാരിയായിരുന്ന സംസ്ഥാന വക്താവ് എം.എസ്. കുമാർ ബി.ബി. ഗോപകുമാറിനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ചു.

ജില്ലയിലെ ഒന്നാമത്തെ രാഷ്ട്രീയ പാർട്ടിയാക്കി ബി.ജെ.പിയെ മാറ്റുമെന്നും പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റുമെന്നും അനുമോദന സമ്മേളനത്തിൽ ഗോപകുമാർ പറഞ്ഞു.

ചാത്തന്നൂർ മീനാട് കൃഷ്ണനന്ദനത്തിൽ ബാലകൃഷ്ണന്റെയും പത്മാവതിയുടെ മകനായി 1966ലാണ് ജനനം. 24 വർഷമായി എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 95ൽ മുതൽ 2000 വരെ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 1993ൽ മീനാട്ടെ ഇഷ്ടിക തൊഴിലാളികള സംഘടിപ്പിച്ച് ശക്തമായ സമരത്തിന് നേതൃത്വം നൽകയതോടെയാണ് ട്രേഡ് യൂണിയൻ രംഗത്ത് ശ്രദ്ധേയനായത്. വലിയ ചലനം സൃഷ്ടിച്ച ഇഷ്ടിക തൊഴിലാളി സമരമാണ് ഇടതുപക്ഷം മാ‌ത്രം ജയിച്ചിരുന്ന മീനാട് വാർഡിൽ നിന്നും ഗോപകുമാർ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിലേക്ക് നയിച്ചത്.

2003 മുതൽ ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് ഹെഡ്മാസ്റ്ററാണ്. ജോലിയിൽ നിന്ന് അവധിയെടുത്ത അദ്ദേഹം നിലവിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ്. എം.എ, ബി.എഡ് ബിരുദധാരിയാണ്.
ഭാര്യ: സീജ. മൂത്തമകൻ ഗൗതം കൃഷ്ണ പുത്തൂർ ശ്രീനാരായണ ആയുർവേദ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. രണ്ടാമത്തെ മകൻ ഗൗരിനന്ദൻ പ്ലസ് ടു വിദ്യാർത്ഥിയാണ്.