എഴുകോൺ: മുക്കണ്ടം നീലേശ്വരം റോഡിൽ കുടിവെള്ള വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കാനെടുത്ത മണ്ണ് ബൈക്ക് യാത്രക്കാർക്ക് ഭീഷണിയാകുന്നു. നെടുമൺകാവ് നീലേശ്വരം റോഡിൽ മുക്കണ്ടം ജംഗ്ഷൻ മുതൽ കുണ്ടറ ജലവിതരണ ഡിവിഷന്റെ എഴുകോൺ സംഭരണി വരെയുള്ള ഭാഗത്ത് കുടിവെള്ള വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കാനെടുത്ത മണ്ണും ചരലും നിരന്നു കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് പതിവായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിന്ന് വാഹനങ്ങാണ് ഇതുവഴി കടന്നുപോകുന്നത്. ഒടിഞ്ഞതും പൊട്ടിയതുമായ പഴയ പൈപ്പുകൾ വീടുകളുടെ മുന്നിൽ കൂട്ടിയിട്ട നിലയിലാണ്. എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പലതവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ബൈക്ക് യാത്രികർ സൂക്ഷിക്കുക
പഴയ ജലവിതരണ പൈപ്പുകൾ മാറ്റി നിലവാരം കൂടിയവ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ കൃത്യസമയത്ത് മൂടാത്തത്തിനാൽ പാറ ക്കല്ലുകളും ചരലും റോഡിൽ ചിതറി കിടക്കുകയാണ്. കരീപ്ര, നെടുമൺകാവ് ഭാഗത്തേക്ക് പോകുന്ന ഇരുചക്ര വാഹനങ്ങൾ ഇറക്കമിറങ്ങി വരുമ്പോൾ കല്ലുകളിൽ കയറി നിയന്ത്രണം തെറ്റി വീഴുന്നത് നിത്യസംഭവമാണ്.
ഗതാഗതക്കുരുക്കും പൊടിശല്യലവും
ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ് സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വേനൽക്കാലമായതിനാൽ പ്രദേശത്ത് പൊടി ശല്യം രൂക്ഷമായതും പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വലിയ വാഹനങ്ങൾ പോകുമ്പോൾ പറക്കുന്ന പൊടിപടലങ്ങൾ കാരണം പാതയോരത്തെ വീടുകളുടെ ജനലുകൾ പോലും തുറന്നിടാൻ കഴിയാത്ത അവസ്ഥയാണ്.
ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകും.
എൻ. മനോമോഹനൻ (കാരുണ്യ നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് )
ജി. അമ്പിളി കുമാർ (സെക്രട്ടറി )