shed
കടപ്പാക്കടയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം

കൊല്ലം: നഗരത്തിലെ പ്രധാന ബസ് ഷെൽട്ടറുകളെല്ലാം മുഖം മിനുക്കുമ്പോൾ പരസ്യങ്ങൾ പതിച്ചും കുത്തിവരച്ചും ജനങ്ങൾ തന്നെ അവയെ വികൃതമാക്കുന്നു. കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തി ബസ് ഷെൽട്ടറുകൾ പൊതുജനസൗഹൃദമാക്കാൻ അധികൃതർ പരിശ്രമിക്കുമ്പോൾ ജനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവൃത്തികൾ നഗരത്തിന്റെ മുഖച്ഛായ തന്നെ വികൃതമാക്കുകയാണ്.

കൊല്ലം - ചിന്നക്കട മെയിൻ ബസ് ഷെൽട്ടറിൽ എല്ലായിടത്തും കുത്തിവരച്ച് വികൃതമാക്കിയാണ് യാത്രക്കാർ സമയം കൊല്ലുന്നത്. വെയിലും മഴയുമേറ്റ് ഇവയുടെ പെയിന്റുകൾ മങ്ങുന്നതിനൊപ്പം ഇത്തരം പ്രവർത്തനങ്ങളും കൂടിയാകുന്നതോടെ ബസ് ഷെൽട്ടറുകൾ വൃത്തിഹീനമാകുന്നതാണ് പതിവ് കാഴ്ച.

കൊല്ലത്തേക്ക് പോകാനായി കടപ്പാക്കടയിൽ നിർമ്മിച്ചിരിക്കുന്ന കാത്തിരിപ്പ് കേന്ദ്രവും പരസ്യങ്ങളും അറിയിപ്പ് നോട്ടീസുകളും നിറഞ്ഞതാണ്. മറ്റൊരു ഉദാഹരണം കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിന് മുന്നിലുള്ള ബസ് സ്റ്റോപ്പാണ്. സിനിമാ പോസ്റ്ററുകൾ ഉൾപ്പെടെ പതിച്ചാണ് ഇവിടെ വൃത്തികേടാക്കുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ അകം മുഴുവൻ പൊടിയും വലിച്ചെറിഞ്ഞ പേപ്പർ കഷണങ്ങളുമാണ്. വൃത്തിഹീനമായതിനാൽ ബസ് ഷെൽട്ടറുകൾക്ക് പുറത്താണ് യാത്രക്കാർ നിൽക്കുന്നത്.

നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി എസ്.എൻ കോളേജിന് മുന്നിൽ നഗരത്തിലെ ആദ്യ ഹൈടെക് ആൻഡ് സ്മാർട്ട് ബസ് ഷെൽട്ടർ വന്നുകഴിഞ്ഞു . ഫാൻ ഉൾപ്പെടെയുള്ള വിവിധ സൗകര്യങ്ങളുമായി ഇത്തരം ബസ് ഷെൽട്ടറുകൾ സജീവമാകുമ്പോഴാണ് വൃത്തിഹീനമായ നിലയിലേക്ക് മറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മാറുന്നത്.