കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ 10 മണി മുതൽ ശ്രീനാരായണ സെൻട്രൽ സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 81-ം മതു വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്ത വിവരം റിട്ടേണിംഗ് ഓഫീസർ കാരയിൽ അനീഷ് വാർഷിക പൊതുയോഗത്തെ അറിയിച്ചു. പൊതുയോഗം ഐക്യകണ്ഠേന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനെ അംഗീകരിച്ചു.
കെ.സുശീലൻ (പ്രസിഡന്റ്) എസ്.ശോഭനൻ (വൈസ് പ്രസിഡന്റ്) എ.സോമരാജൻ (സെക്രട്ടറി) കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കളരിയ്ക്കൽ എസ്.സലിംകുമാർ ( യോഗം ബോർഡ് മെമ്പർമാർ) എം.രാധാകൃഷ്ണൻ ക്ലാപ്പന, ബി.അജിത്കുമാർ ആലുംകടവ്, ഡോ: കെ.രാജൻ തഴവ ( പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
വാർഷിക പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ടും കണക്കും ബഡ്ജറ്റും യൂണിയൻ സെക്രട്ടറി എ.സോമരാജൻ അവതരിപ്പിച്ചു. സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ബഡ്ജറ്റാണ് വാർഷിക പൊതുയോഗത്തിൽ പാസ്സാക്കിയത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിൻതുണ പ്രഖ്യാപിച്ചുകൊണ്ടും, യോഗത്തെ നിരന്തരമായി അവഹേളിക്കുന്ന സുഭാഷ് വാസുവിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള പ്രമേയങ്ങൾ ഐക്യകണ്ഠേന പാസ്സാക്കി.