c
ടി.കെ.ദിവാകരന്റെ 44-ാം ചരമവാർഷിക ദിനത്തിൽ ആർ.എസ്.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടി.കെ.ദിവാകരൻ അനുസ്‌മരണം കൊല്ലം ടി.കെദിവാകരൻ പാർക്കിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, ബാബു ദിവാകരൻ തുടങ്ങിയവർ സമീപം

കൊല്ലം: ടി.കെ.ദിവാകരന്റെ മരണമില്ലാത്ത ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്‌പങ്ങൾ അർപ്പിച്ച് തൊഴിലാളികളും ആർ.എസ്.പി പ്രവർത്തകരും അദ്ദേഹത്തിന്റെ 44-ാം ചരമവാർഷിക ദിനത്തിൽ ഒത്തുകൂടി. ഇന്നലെ കൊല്ലം ടി.കെ.ദിവാകരൻ പാർക്കിൽ ആർ.എസ്.പി ജില്ലാ

കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തിൽ മുതിർന്ന ആർ.എസ്.പി പ്രവർത്തകരുടെ പങ്കാളിത്തം ശ്രദ്ധേയമായി. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ശ്രീനാരായണ ഗുരുദേവന്റെ സാമൂഹ്യ നീതി മുൻനിറുത്തിയുള്ള ആശയങ്ങളെ പ്രവർത്തി പഥത്തിലെത്തിച്ച തൊഴിലാളി നേതാവായിരുന്നു ടി.കെ.ദിവാകരെന്ന് എം.എം.ഹസൻ പറഞ്ഞു. ആശയ ദൃഢതയും അസാമാന്യ കഴിവുമുള്ള ടി.കെ.ദിവാകരൻ സംശുദ്ധ പൊതുജീവിതത്തിന്റെ അടയാളമായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. കേന്ദ്രനയങ്ങളെ അതേതരത്തിൽ പകർത്തി ജനങ്ങളെ ദ്രേഹിക്കുകയാണ് സംസ്ഥാന സർക്കാരെന്നും ഹസൻ പറഞ്ഞു.

ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അദ്ധ്യക്ഷനായിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. മുൻ മന്ത്രി ബാബു ദിവാകരൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, എസ്.ത്യാഗരാജൻ, ജെ.മധു, കുരീപ്പുഴ മോഹനൻ, ഇടവനശേരി സുരേന്ദ്രൻ, കെ.സിസിലി, ജില്ലാ പഞ്ചായത്തംഗം എസ്.ശോഭ തുടങ്ങിയവർ പ്രസംഗിച്ചു.